ലഹരി കടത്ത്: കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി തീരുമാനം

പാലക്കാട്: ചെക് പോസ്റ്റുകളോട് ചേര്‍ന്നുള്ള ഊടുവഴികളിലൂടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നത് തടയാന്‍ വേണ്ടി വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേരാന്‍ ജില്ലാ വികസന സമിതി തീരുമാനിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ ലഹരി പദാര്‍ഥങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എത്തുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അടിയന്തര നടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ഒഴിവുള്ള കൃഷി ഓഫിസര്‍മാരുടെ തസ്തികയിലേക്ക് നിയമനം നടത്താന്‍ പി.എസ്.സിക്ക് ശിപാര്‍ശ ചെയ്യാന്‍ കെ.വി. വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു. അവധിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ജില്ലക്കായി വാട്ടര്‍ ബജറ്റ് തയാറാക്കാനും വിവിധ വകുപ്പുകളുടെ ഏകോപന സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. തോക്കുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്ന പരഹാരത്തിന് പൊലീസ് കണ്‍സള്‍ഡേറ്റീവ് കമ്മിറ്റി കൂടാന്‍ എം.ബി. രാജേഷ് എം.പി നിര്‍ദേശിച്ചു. നിലവില്‍ പൊലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കി വരുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രത്തിലെ ആദിവാസികള്‍ക്കും വനം വകുപ്പുദ്യോഗസ്ഥര്‍ക്കും യാത്ര ചെയ്യാന്‍ തമിഴ്നാടിനെ ആശ്രയിക്കാതെ ബദല്‍ റോഡ് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാന്‍ കെ. ബാബു എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനായി മുതലമടയില്‍ നിന്ന് വനത്തിലൂടെ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കാനും സര്‍വേ നടത്താനും യോഗം ആവശ്യപ്പെട്ടു. വില്ളേജ് ഓഫിസുകളുടെയും താലൂക്ക് ഓഫിസുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ ആദിവാസി കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണത്തിന് ഡി.എം.ഒയെ നിയമിക്കാനും തീരുമാനിച്ചു. ആരോഗ്യ വകുപ്പിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കാനുള്ള പ്രമേയം സമിതി അംഗീകരിച്ചു. നെല്ലിന്‍െറ താങ്ങുവില വര്‍ധിപ്പിക്കണമെന്ന കെ. ബാബു എം.എല്‍.എ യുടെ പ്രമേയത്തെ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ പിന്താങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്, അസിസ്റ്റന്‍റ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം. എസ്. വിജയന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ എലിയാമ്മ നൈനാന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.