60ലും തളരാതെ ലീലാമ്മയുടെ കൃഷി സപര്യ

മങ്കര: വീടിനോട് ചേര്‍ന്ന 20 സെന്‍റ് ഭൂമിയില്‍ കഠിനാധ്വാനത്തിലൂടെ ലീലാമ്മ വിളയിച്ചെടുത്തത് ഇരുപതിലേറെ വ്യത്യസ്തയിനം പച്ചക്കറികള്‍. വിളവെടുത്ത പച്ചക്കറി സ്വന്തം ആവശ്യത്തിന് പുറമെ പരിസരവാസികള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുകയാണ് ഈ വയോധിക. മങ്കര വെള്ള റോഡ് ‘ബാലലീല’യില്‍ ലീലയെന്ന ലീലാമ്മയാണ് 60ാം വയസ്സിലും കഠിനാധ്വാനത്തിലൂടെ പച്ചക്കറി കൃഷിയിറക്കി മാതൃകയായത്. ഭര്‍ത്താവ് ബാലകൃഷ്ണനും ഇവരുടെ സഹായത്തിനുണ്ട്. കുമ്പളം, മത്തന്‍, വഴുതന, പയര്‍, മുളക്, വെണ്ട, പപ്പായ, ചുരക്ക, മുരിങ്ങ, ചേമ്പ്, ചേന, മാങ്ങ, കുരുമുളക്, സീതാരങ്ങ, അമ്പാഴം, മഞ്ഞള്‍, ഇഞ്ചി, അരിമുളക്, വാഴ, തെങ്ങ്, സപ്പോട്ട തുടങ്ങി വീട്ടിലേക്കാവശ്യമായ മുഴുവന്‍ പച്ചക്കറികളും ചുരുങ്ങിയ സ്ഥലത്താണ് വിളയിച്ചെടുത്തത്. ജൈവവളം മാത്രം ഉപയോഗിച്ചാണ് ലീലാമ്മയുടെ കൃഷി. ആവശ്യമായ വിത്തുകള്‍ കൃഷിഭവനില്‍നിന്നും മറ്റുമാണ് ശേഖരിക്കുന്നത്. പച്ചക്കറിക്ക് പുറമെ വീട്ട് മുറ്റത്ത് മനോഹരമായ പൂന്തോട്ടവും ലീലാമ്മ ഒരുക്കിയിട്ടുണ്ട്. യുര്‍ഫോബിയ മുല്ല, പിച്ചകം, തെച്ചി, ഓര്‍ക്കിഡ്, റോസ്, ജമന്തി കാശിത്തുമ്പ, പവിഴ മുല്ല, കുളവാഴ എന്നിവ പൂന്തോട്ടത്തിലുണ്ട്. വീടിന്‍െറ മതിലിലും ഗേറ്റിന് പുറത്തുമാണ് പൂച്ചെടികള്‍ ഒരുക്കിയത്. പത്താം ക്ളാസ് വരെ മാത്രം പഠിച്ച ലീലാമ്മ ഇരുപതോളം കുട്ടികള്‍ക്ക് വീട്ടിനുള്ളില്‍ ട്യൂഷന്‍ നല്‍കുന്നുണ്ട്. ശിശുദിനത്തില്‍ കുട്ടികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ച് സമ്മാനം നല്‍കുന്നതും ഇവരുടെ ഹോബിയാണ്. ട്യൂഷന്‍ ഫീ നിര്‍ബന്ധിച്ച് വാങ്ങാറില്ല. സമീപത്തെ സ്കൂളില്‍ അധ്യാപിക അവധിയില്‍ പോയപ്പോള്‍ രണ്ടു വര്‍ഷത്തോളം സ്കൂളിലത്തെി സൗജന്യമായി സേവനം ചെയ്തും ലീലാമ്മ മാതൃകയായി. ലാന്‍ഡ് ഫോണ്‍ മാത്രമേ ഇപ്പോഴും ഉപയോഗിക്കാറുള്ളൂ. ആട്ടുകല്ല്, അമ്മിക്കല്ല് തുടങ്ങിയ പഴയകാല ഗൃഹോപകരണങ്ങളോട് തന്നെയാണ് ലീലാമ്മക്ക് ഇപ്പോഴും പ്രിയം. സാമൂഹിക സേവനത്തിന്‍െറ ഭാഗമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ ലീലമ്മ, മങ്കര പഞ്ചായത്തിലെ പാലിയേറ്റിവ് കെയര്‍ യൂനിറ്റില്‍ മൂന്നു വര്‍ഷമായി വളന്‍റിയറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.