നഗരസഭ ഓഫിസ് ചുറ്റുമതിലിന് അലങ്കാരമായി വര്‍ളി പെയിന്‍റിങ്

പാലക്കാട്: നഗരസഭ ഓഫിസ് ചുറ്റുമതിലിന് അലങ്കാരമായി ഇനിമുതല്‍ പരമ്പരാഗത ആദിവാസി കലയായ വര്‍ളി പെയിന്‍റിങ്ങും. നടീലും കൊയ്ത്തും ഉത്സവവും നൃത്തരൂപവും ഉള്‍പ്പെടെ പരമ്പരാഗത ഗ്രാമീണ ജീവിതം അനാവൃതമാക്കുന്നതാണ് വര്‍ളി പെയിന്‍റിങ്ങുകള്‍. പരസ്യകല പ്രവര്‍ത്തകരായ കാവശ്ശേരിയിലെ ബി. രമേഷും സഹായി കുനിശ്ശേരി മലക്കാട്ടുകുന്നിലെ വി. മോഹന്‍ദാസുമാണ് വര്‍ളി പെയിന്‍റിങ് തനതുശൈലിയില്‍ മനോഹരമായി മതിലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര അതിര്‍ത്തിയില്‍ പടിഞ്ഞാറന്‍ തീരത്തും മലയോരങ്ങളിലുമായി അധിവസിക്കുന്ന വര്‍ളി ആദിവാസി വിഭാഗത്തില്‍ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ചിത്രകലാരൂപമാണിത്. വട്ടവും ത്രികോണവും ചതുരവുമുള്‍പ്പെടെ സമന്വയിപ്പിച്ച് കട്ടിയുള്ള ഒറ്റ വരകളിലൂടെയാണ് പെയിന്‍റിങ് ചിത്രീകരിക്കുന്നത്. ചുമര്‍ ചിത്രത്തിന് സമാനമായ ഇവ ചിത്രീകരിക്കുന്നത് ഒറ്റ നിറം ഉപയോഗിച്ചാണ്. വര്‍ളി പെയിന്‍റിങ്ങിലെ പല ചിത്രങ്ങളും പാലക്കാട്ടെ ഗ്രാമീണ ജീവിതവുമായി സാമ്യതയുള്ളതാണ്. വീടുനിര്‍മാണം, കലാരൂപങ്ങള്‍, കൃഷി, ഗ്രാമസഭകള്‍, എഴുന്നള്ളിപ്പ്, മതമൈത്രി പ്രതീകങ്ങള്‍, പ്ളാസ്റ്റിക് നിര്‍മാര്‍ജ്ജനം തുടങ്ങിയ സാമൂഹിക ജീവിതവും ബോധവത്കരണ സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് വര്‍ളി രീതിയില്‍ ചുറ്റുമതിലില്‍ പിറവിയെടുത്തിരിക്കുന്നത്. ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ എന്‍ജിനീയര്‍ സ്വാമിദാസിന്‍െറ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് രമേഷും മോഹന്‍ദാസും വര്‍ളി പെയിന്‍റിങ് വരച്ചുതുടങ്ങിയത്. സാധാരണ അക്രലിക് ഉപയോഗിച്ചു ചെയ്യാറുള്ള വര്‍ളി പെയിന്‍റിങ് നഗരസഭ ഓഫിസ് മതിലില്‍ ഇനാമലിലാണ് ചെയ്തിരിക്കുന്നത്. വെയിലില്‍ നിറംമങ്ങാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഇത് ചെയ്തതെന്ന് രമേഷ് പറയുന്നു. ഇളം മിലിറ്ററി പച്ചയുടെ ബോര്‍ഡറിലുള്ള ഇളം ഐവറി നിറം പശ്ചാത്തലമാക്കി ലീഫ് ബ്രൗണ്‍ നിറത്തിലുള്ള ഇനാമല്‍ ഉപയോഗിച്ചാണ് വര്‍ളി ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്നത്. പൊല്‍പ്പുള്ളി കെ.വി.എം.യു.പി സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന ആര്‍. ഭാസ്കരന്‍െറ മകനാണ് ആര്‍ട്ടിസ്റ്റ് രമേഷ്. ബിരുദവും ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങില്‍ ഡിപ്ളോമയുമുള്ള മോഹന്‍ദാസ് രണ്ട് വര്‍ഷമായി രമേഷിന്‍െറ സഹായിയായി ചിത്രകലാ രംഗത്ത് സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.