ആവേശം വിതറി ‘ലേ അഡ്വഞ്ചര്‍ –2016’; ഡി.ടി.പി.സി ഓണാഘോഷം സമാപിച്ചു

പാലക്കാട്: കൈയും മെയ്യും മറന്ന് തിരമാല കണക്കെ ആര്‍ത്തിരമ്പിയുള്ള അവരുടെ വരവില്‍തന്നെ ഉറപ്പായിരുന്നു, തീപാറിയ മത്സരമായിരിക്കും ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നതെന്ന്. പ്രതീക്ഷ തെറ്റിയില്ല. ആവേശം ആകാശത്തോളമുയര്‍ത്തി, മനസ്സില്‍ പരിമുറുക്കം കൂട്ടി 227 യുവാക്കള്‍ പരസ്പരം മത്സരിച്ച് മുന്നേറി. ഡി.ടി.പി.സി ഓണാഘോഷത്തിന്‍െറ സമാപന സമ്മേളനത്തോടനുബന്ധിച്ച് ലീഡ് കോളജ് ഓഫ് മാനേജ്മെന്‍റുമായി സഹകരിച്ച് നടത്തിയ സാഹസിക മത്സരമായ ‘ലേ അഡ്വഞ്ചര്‍ -2016’ ആയിരുന്നു വേദി. 26 ഇനങ്ങളാണ് സാഹസികത തേടിയത്തെിയവര്‍ക്കായി സംഘാടകര്‍ ഒരുക്കിയിരുന്നത്. കാഴ്ചയില്‍ എളുപ്പമെന്ന് തോന്നിച്ച പലതും ചെയ്യാന്‍ മത്സരാര്‍ഥികള്‍ ശരിക്കും വിയര്‍ത്തു. ചെറിയ പരിക്കുകള്‍ ഉണ്ടായെങ്കിലും അതെല്ലാം സ്പോര്‍ട്സ്മാന്‍ സ്പരിറ്റില്‍ എടുത്തതോടെ മത്സരം കൊഴുത്തു. ഐ.എം.എ ജങ്ഷനില്‍നിന്ന് കലക്ടര്‍ ഫ്ളാഗ്ഓഫ് ചെയ്തതോടെ മത്സരാര്‍ഥികള്‍ കൂട്ടയോട്ടമായാണ് മുനിസിപ്പല്‍ സ്റ്റേഡിയത്തിലത്തെിയത്. ചെളിമണ്ണിലൂടെയുള്ള ഓട്ടത്തില്‍തന്നെ ചിലര്‍ വീണെങ്കിലും ആരും വിട്ടുകൊടുക്കാന്‍ ഭാവമുണ്ടായിരുന്നില്ല. പൊലീസുകാരനായ പെരുമ്പാവൂര്‍ സ്വദേശി നിധിനാണ് ഒന്നാം സമ്മാനം. അഞ്ചുപേര്‍ക്ക് പ്രോല്‍സാഹന സമ്മാനവും പങ്കെടുത്ത നാല് പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ മത്സരം പൂര്‍ത്തീകരിച്ച ഒരാള്‍ക്കും സമ്മാനം നല്‍കി. ഒന്നാം സമ്മാനം ലഭിച്ച നിധിന് ഒരു ലക്ഷം രൂപയാണ് നല്‍കിയത്. പ്രോല്‍സാഹന സമ്മാനം ലഭിച്ചവര്‍ക്ക് 10,000 രൂപയും നല്‍കി. മത്സരത്തിന് ശേഷം നടന്ന സമാപനസമ്മേളനം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ മുഖ്യാതിഥിയായിരുന്നു. ഷാഫി പറമ്പില്‍ എം.എല്‍.എ, ഡി.ടി.പി.സി ഓണാഘോഷത്തിന്‍െറ ജനറല്‍ കണ്‍വീനര്‍ ടി.ആര്‍. അജയന്‍, എ.ഡി.എം എസ്. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഓണാഘോഷത്തിന്‍െറ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഗസല്‍രാവും ഡി.ജെ. ഡാന്‍സും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.