പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഇടപെടലിനെ തുടര്‍ന്ന് ആളിയാര്‍ അണക്കെട്ടില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് സെക്കന്‍ഡില്‍ 400 ഘനയടി (ക്യൂസെക്സ്) വെള്ളം തമിഴ്നാട് നല്‍കിത്തുടങ്ങി. ശനിയാഴ്ച രാവിലെ മുതലാണ് വെള്ളം വിട്ടുതുടങ്ങിയത്. ജലക്ഷാമം മൂലം ചിറ്റൂര്‍ പദ്ധതി പ്രദേശത്ത് നെല്‍കൃഷി നാശത്തിന്‍െറ വക്കിലാണെന്നും അടിയന്തരമായി വെള്ളം വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ 16ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്ത് എഴുതിയിരുന്നു. ഇതിനെതുടര്‍ന്നാണ് തമിഴ്നാട് വാട്ടര്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ കൂടുതല്‍ വെള്ളം വിട്ടു നല്‍കാന്‍ നടപടി സ്വീകരിച്ചത്. പി.എ.പി കരാര്‍ പ്രകാരം സെപ്റ്റംബറില്‍ രണ്ടു പാദങ്ങളിലായി സെക്കന്‍ഡില്‍ 500 ഘനയടി തോതില്‍ വെള്ളം നല്‍കണമെന്നാണ് വ്യവസ്ഥ. ആളിയാര്‍ ഡാമില്‍ വെള്ളം കുറവായതിനാല്‍ ആദ്യപാദത്തില്‍ 250 ഘനയടി തോതില്‍ മാത്രമേ വെള്ളം തുറന്നുവിട്ടിരുന്നുള്ളൂ. ഇതേതുടര്‍ന്നാണ് ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടിയുടെ നിവേദനപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നത്തില്‍ ഇടപെട്ടത്. 500 ഘനയടി വെള്ളം വിട്ടുനല്‍കണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്. നിലവിലെ 250 ഘനയടിക്കൊപ്പം 150 കൂടിച്ചേര്‍ത്ത് 400 ഘനയടി എന്ന തോതില്‍ സെപ്റ്റംബര്‍ 30 വരെ വെള്ളം നല്‍കുമെന്ന് കേരള ജലവിഭവ വകുപ്പിനെ തമിഴ്നാട് അറിയിച്ചിട്ടുണ്ട്. ആളിയാര്‍ ഡാമില്‍ 400 ദശലക്ഷം ഘനയടി വെള്ളം മാത്രമേയുള്ളൂ. ഇതിനാല്‍ പറമ്പിക്കുളത്തുനിന്ന് 350 ഘനയടി തോതില്‍ വെള്ളം എത്തിച്ച് 50 ഘനയടികൂടി ചേര്‍ത്താണ് ആളിയാറില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് വെള്ളം തുറന്നുവിടുന്നത്. ചിറ്റൂരില്‍ 20,000 ഹെക്ടറിലുള്ള നെല്‍കൃഷി മുഖ്യമായും ആളിയാര്‍ വെള്ളത്തെ ആശ്രയിച്ചാണ്. ഒന്നാംവിള അടുത്ത മാസം ഉണക്കമില്ലാതെ കൊയ്തെടുക്കാന്‍ 700 ദശലക്ഷം ഘനയടിയെങ്കിലും വെള്ളം ആവശ്യമാണ്. കതിര്‍ നിരക്കുമ്പോഴും പാലുറയ്ക്കുമ്പോഴും വെള്ളം കെട്ടിനിര്‍ത്തിയില്ളെങ്കില്‍ പതിരാവാനുള്ള സാധ്യതയേറെയാണ്. പദ്ധതി പ്രദേശത്ത് ചെറിയ തോതില്‍ മഴയുള്ളത് ആശ്വാസമാണെങ്കിലും ആളിയാര്‍ വെള്ളം കിട്ടിയെങ്കില്‍ മാത്രമേ ഒന്നാംവിളയെ രക്ഷിച്ചെടുക്കാന്‍ പറ്റൂ. 150 ഘനയടി കൂടി അധികമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വീണ്ടും ഇടപെടുമെന്ന് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.