പട്ടാമ്പി ബൈപാസ്: റെയില്‍വേ അണ്ടര്‍ പാസേജ് സാധ്യതാ പഠനം നടത്തി

പട്ടാമ്പി: പട്ടാമ്പിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായേക്കാവുന്ന ബൈപാസ്, റെയില്‍വേ അണ്ടര്‍ പാസേജ് എന്നിവയുടെ പദ്ധതി പ്രദേശം മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു. ഇക്കൊല്ലത്തെ ബജറ്റില്‍ രണ്ടു പദ്ധതികളും ധനമന്ത്രി ഉള്‍പ്പെടുത്തിയത് പ്രദേശവാസികളില്‍ വലിയ പ്രതീക്ഷയുണര്‍ത്തിയിരുന്നു. നിള ആശുപത്രി പരിസരത്തു നിന്ന് നിര്‍ദിഷ്ട ബൈപാസ് റോഡുമായി ബന്ധപ്പെടുത്തിയാണ് റെയില്‍വേ അണ്ടര്‍ പാസേജ് നിര്‍മിക്കുന്നത്. എം.ബി. രാജേഷ് എം.പിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പദ്ധതികളുടെ പ്രാഥമിക സാധ്യതാ പഠനം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആറു മാസത്തിനുള്ളില്‍ പദ്ധതിയുടെ പ്രോജക്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടിട്ടുണ്ട്. കൊടുമുണ്ടയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ അഡീഷനല്‍ ജനറല്‍ മാനേജര്‍ അബ്ദുല്ലക്കുട്ടി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുല്‍സലാം എന്നിവരാണ് സ്ഥല പരിശോധനക്കത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.