പാതയോരത്തെ പുല്ല് വെട്ടാന്‍ പഞ്ചായത്തുകള്‍ തയാറായില്ല; നാട്ടുകാര്‍ പ്രതിഷേധിച്ചു

ആനക്കര: തകര്‍ന്നു കിടക്കുന്ന പറക്കുളം-ചേക്കോട് റോഡിന്‍െറ ഇരുവശവും വളര്‍ന്ന പുല്ല് വെട്ടിമാറ്റാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. കപ്പൂര്‍, ആനക്കര പഞ്ചായത്തുകളെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ളെന്നാണ് ആക്ഷേപം. ഇതോടെ നാടുകാര്‍ ആനക്കര പഞ്ചായത്ത് കുടുംബശ്രീയുടെ പുല്ലുവെട്ട് യന്ത്രം വാടകക്കെടുത്ത് പുല്ല് വെട്ടിമാറ്റി. തകര്‍ന്നു കിടക്കുന്ന റോഡിനിരുവശവും പുല്ല് വളര്‍ന്നതോടെ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും പറ്റാതായതോടെയാണ് നാട്ടുകാര്‍ രംഗത്ത് വന്നത്. രണ്ട് പഞ്ചായത്തുകളില്‍പ്പെട്ട റോഡായതിനാല്‍ ഇരുപഞ്ചായത്തുകളും ഈ പ്രധാന റോഡിനെ കൈവിട്ട നിലയിലാണ്. ആനക്കര പഞ്ചായത്തില്‍പ്പെട്ട ഭാഗമാണ് കൂടുതല്‍ തകര്‍ന്ന് കിടക്കുന്നത്. വര്‍ഷങ്ങളായി ഇരുപഞ്ചായത്തുകളിലും പരാതി നല്‍കിയെങ്കിലും റോഡിന്‍െറ റീടാറിങ് നടത്താന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ ചേക്കോട് പള്ളി, മില്ല് സ്റ്റോപ്പിന് സമീപം എന്നിവിടങ്ങളില്‍ വലിയ കുഴികളാണ് റോഡിലുള്ളത്. ഇതിന് പുറമെ റോഡിനിരുവശവും ആഴത്തിലുള്ള കുഴികളുള്ളതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ വഴിയാത്രക്കാര്‍ക്ക് റോഡില്‍ നിന്ന് ഇറങ്ങി നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ഇതിനെല്ലാം പുറമെ റോഡിനിരുവശവും ഇടതൂര്‍ന്ന് പുല്ലുകളും വളര്‍ന്നതോടെ നാട്ടുകാരുടെ ദുരിതം ഇരട്ടിയായതാണ് പ്രതിഷേധത്തിന് കാരണമായത്. പറക്കുളം-ചേക്കോട് റോഡിലെ മില്ല് സ്റ്റോപ്പില്‍ നിന്ന് പള്ളിവരെയുള്ള ഭാഗങ്ങളിലാണ് പുല്ല് വളര്‍ന്ന് നില്‍ക്കുന്നത്. ശശി, പി.വി. ചന്ദ്രന്‍, ടി.വി. രവി, മോനു എന്നിവര്‍ പുല്ല് വെട്ടിമാറ്റാന്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.