അതിര്‍ത്തിയില്‍ പാല്‍ പരിശോധന ശക്തം; ആന്‍റിബയോട്ടിക് ടെസ്റ്റ് ഇന്ന് മുതല്‍

പാലക്കാട്: ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്ന് മായം കലര്‍ന്നതും ഗുണനിലവാരമില്ലാത്തതുമായ പാല്‍ കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ വാളയാര്‍, മീനാക്ഷിപുരം ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. ഞായറാഴ്ച മുതല്‍ രണ്ടിടത്തും പാലിലെ ആന്‍റിബയോട്ടിക് സാന്നിധ്യം കണ്ടത്തൊന്‍ സ്ട്രിപ് പരിശോധന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ ജെ.എസ്. ജയ സുജീഷ് അറിയിച്ചു. ഇതാദ്യമായാണ് താല്‍ക്കാലിക ലാബില്‍ ആന്‍റിബയോട്ടിക് പരിശോധനക്ക് സൗകര്യമൊരുക്കുന്നത്. കാലപ്പഴക്കംവന്ന പാല്‍ ആന്‍റിബയോട്ടിക് ചേര്‍ത്ത് കേരളത്തിലേക്ക് കടത്തുന്നെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ചെലവേറിയ സ്ട്രിപ് രീതി അടിയന്തരമായി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംശയമുള്ള പാല്‍ സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കും. പാലിലെ ബാക്ടീരിയയെ നശിപ്പിക്കാനാണ് ആന്‍റിബയോട്ടിക് ചേര്‍ക്കുന്നത്. ഇതുപയോഗിച്ചാല്‍ പാല്‍ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഓണക്കാലത്ത് തമിഴ്നാട്ടിലെ ചില ചെറുകിട കമ്പനികള്‍ ഇത്തരം പാല്‍ വിപണിയിലിറക്കുന്നതായി ആരോപണമുണ്ട്. സാധാരണ ആന്‍റിബയോട്ടിക് സാന്നിധ്യം കണ്ടത്തൊന്‍ പാല്‍ കള്‍ച്ചര്‍ ചെയ്ത് ഇന്‍കുബേറ്ററില്‍ 57 സെന്‍റിഗ്രേഡില്‍ മൂന്ന് മണിക്കൂര്‍ സൂക്ഷിച്ചുള്ള ടെസ്റ്റാണ് അംഗീകൃത ലാബുകളില്‍ നടത്താറ്. ഇത് അതിര്‍ത്തിയില്‍ പ്രായോഗികമല്ലാത്തതിനാലാണ് സ്ട്രിപ് രീതി അനുവര്‍ത്തിക്കുന്നത്. എത്ര ചെറിയ അളവിലുള്ള രാസാംശവും കണ്ടത്തൊന്‍ ഈ ടെസ്റ്റിലൂടെ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ലാബ് സജ്ജമാക്കിയതോടെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് പൊതുവേ ഗുണനിലവാരമുള്ള പാലാണ് വരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.