സദ്യയും ഓണക്കളിയുമായി വിദ്യാലയങ്ങള്‍ അവധിയിലേക്ക്

കൂറ്റനാട്: വിഭവസമൃദ്ധമായ സദ്യ ഒരുക്കിയും ഓണക്കളികളില്‍ മുഴുകിയും വിദ്യാലയങ്ങള്‍ ഓണാവധിയിലേക്ക്. തൃത്താല മേഖലയിലെ വിദ്യാലയങ്ങളില്‍ ഓണക്കളിയും ഓണസദ്യയും ഒരുക്കുന്നതിനിടെ മൊഞ്ചത്തിമാര്‍ മൈലാഞ്ചി ചേലിലും മുഴുകി. ഘോഷയാത്രകള്‍, ഓണക്കളികള്‍, പൂക്കളമത്സരം, വടംവലി, ഉറിയടി, സ്പൂണ്‍റൈസ്, കസേരകളി, സുന്ദരിക്ക് പൊട്ട് കുത്തല്‍, ചിത്രരചന, തീറ്റമത്സരം, ചാക്കില്‍ചാട്ടം, ആനക്ക് വാല്‍ വെയ്ക്കല്‍, തുമ്പിതുള്ളല്‍ തുടങ്ങിയ മത്സരങ്ങളും തുടര്‍ന്ന് വിപുലമായ ഓണ സദ്യയുമാണ് സ്കൂളുകളില്‍ ഒരുക്കിയത്. രാവിലെ ക്ളാസുകള്‍ കേന്ദ്രീകരിച്ച് പൂക്കളമത്സരവും നടന്നു. വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കായും തിരുവാതിരകളി അടക്കമുളള മത്സരങ്ങളും ഉണ്ടായി. ജില്ലയിലെ പ്രധാന സ്കൂളായ ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ്, കുമരനെല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി, ഗോഖലെ, കുമരനെല്ലൂര്‍ ജി.എല്‍.പിസ്കൂള്‍, ചാലിശ്ശേരി ഹയര്‍ സെക്കന്‍ഡറി, തൃത്താല ഡോ. കെ.ബി മേനോന്‍, വട്ടേനാട് സ്കൂള്‍ തുടങ്ങിയവയില്‍ ആഘോഷങ്ങള്‍ നടന്നു. ഡയറ്റ് ലാബ് സ്കൂളിലെ ആഘോഷങ്ങള്‍ക്ക് ഡയറ്റ് പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍, മണികണ്ഠന്‍, പി.ടി.എ പ്രസിഡന്‍റ് ഷര്‍ഫുദ്ദീന്‍ കളത്തില്‍, അധ്യാപകരായ രാജു, രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടി.ടി.സി വിദ്യാര്‍ഥികളുടെ പൂക്കളമത്സരം വിവിധ മത്സരങ്ങള്‍ എന്നിവയുണ്ടായി. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി പൂക്കളമത്സരം, വടംവലി, കസേരകളി, സുന്ദരിക്ക് പൊട്ട് തൊടല്‍, തിരുവാതിരകളി എന്നിവ നടന്നു. ഹെഡ്മാസ്റ്റര്‍ കൃഷ്ണകുമാര്‍, പ്രിയദര്‍ശന്‍, കെ. പ്രസാദ്, തോംസണ്‍, കാമരാജ്, പി.ടി.എ പ്രസിഡന്‍റ് സുരേന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പട്ടാമ്പി: വിദ്യാലയങ്ങളില്‍ ഓണം-ബലിപെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. പൂക്കളമിട്ടും വിവിധ ഓണക്കളികളും ഓണസദ്യ നടത്തിയുമായിരുന്നു ഓണാഘോഷം. നടുവട്ടം ഗവ. ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാം ക്ളാസുകാരുടെ സ്നേഹപ്പൂക്കളം ശ്രദ്ധേയമായി. ഭിന്നശേഷി വിഭാഗത്തില്‍പെട്ട മുഹമ്മദ് നദീറിന്‍െറ ചിത്ര പ്രദര്‍ശനവും നടന്നു. ഡോ. എം.എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.എസ്. ലംബോദരന്‍, പി.ടി. ചന്ദ്രന്‍, കെ. കൃഷ്ണബാബു, കെ. പ്രമോദ്, പ്രേംകുമാര്‍, ടി.എം. നാരായണന്‍, അമ്പിളി, സുധ എന്നിവര്‍ നേതൃത്വം നല്‍കി. വിളയൂര്‍ കുപ്പൂത്ത് യൂനിയന്‍ എ.എല്‍.പി സ്കൂളില്‍ ഓണസദ്യയും ഓണക്കളികളും മൈലാഞ്ചിയിടല്‍ മത്സരവുമായി ഓണം-ബലിപെരുന്നാള്‍ ആഘോഷിച്ചു. വാര്‍ഡ് മെംബര്‍ വി. അഹമ്മദ്കുഞ്ഞി, പി.ടി.എ പ്രസിഡന്‍റ് എസ്.പി. മുസ്തഫ, എം.പി.ടി.എ പ്രസിഡന്‍റ് ഉമ്മുസല്‍മ, എം.പി. ഉമ്മര്‍, സത്താര്‍ കുപ്പൂത്ത്, ഗിരീഷ്, പ്രിയ, നസീമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരിങ്ങനാട്: ഇസ്ലാമിക് ഓറിയന്‍റല്‍ ഹൈസ്കൂള്‍ കരിങ്ങനാട് 'ഓണവില്ലും ഒപ്പനപ്പാട്ടും' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഓണം പെരുന്നാള്‍ ആഘോഷം നടത്തി. പി.ടി.എ പ്രസിഡന്‍റ് എം. ഷമീര്‍ ഉദ്ഘാടനം ചെയ്തു. അറുപതിലധികം കുട്ടികള്‍ അണിനിരന്ന മെഗാ മാസ് ഒപ്പന മുഖ്യ ആകര്‍ഷക പരിപാടിയായി. ഓണപ്പാട്ടുകള്‍, പെരുന്നാള്‍ പാട്ടുകള്‍, വടംവലി, ഉറിയടി, മ്യൂസിക്കല്‍ ചെയര്‍, ലമണ്‍ സ്പൂണ്‍, സുന്ദരിക്ക് പൊട്ട് തൊടല്‍ തുടങ്ങിയ മത്സരങ്ങളും നടത്തി. വടംവലി മത്സരത്തില്‍ വിജയിച്ച ടീമുകള്‍ക്ക് വാഴക്കുല സമ്മാനം നല്‍കി. കല്ലടിക്കോട്: കല്ലടിക്കോട് ജി.എം.എല്‍.പി.സ്കൂളില്‍ ഓണാഘോഷം നടത്തി. മലയാളനാടിന്‍െറ ആഘോഷങ്ങള്‍ കാര്‍ഷിക സംസ്കൃതിയുടെയും സാഹോദര്യത്തിന്‍െറയും കൂട്ടായ്മയാണ് വിളംബരം ചെയ്യുന്നത്. പ്രകൃതി സ്വയം അലംകൃതമായി ആഘോഷങ്ങള്‍ കടന്നുവരുമ്പോഴും പ്രകൃതിചൂഷണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു. വിവിധ കലാ കായിക മത്സരങ്ങളില്‍ ജേതാക്കളായ കുരുന്നുകള്‍ക്ക് പി.ടി.എ. പ്രസിഡന്‍റ് ഇസ്മായില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അധ്യാപികമാരായ സ്മിത, ജ്യോതി, ജ്യോസ്ളിന്‍, റൈഹാന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പട്ടാമ്പി: മുടവന്നൂര്‍ ഐ.ഇ.എസ് ഇംഗ്ളീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണം ബലിപെരുന്നാള്‍ ആഘോഷത്തിന്‍െറ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കളമത്സരം, മൈലാഞ്ചിയിടല്‍, വടംവലി മത്സരം തുടങ്ങിയ പരിപാടികള്‍ നടത്തി. പി.ടി.എ മാനേജ്മെന്‍റ് സഹകരണത്തോടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണസദ്യ നല്‍കി. വിദ്യാര്‍ഥികളുടെ മത്സരങ്ങളെ നേരിട്ട് കാണാന്‍ വി.ടി. ബല്‍റാം എം.എല്‍.എ എത്തി വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ഐ.ഇ.എസ് മാനേജ്മെന്‍റ് പ്രസിഡന്‍റ് നാലകത്ത് അലി, സെക്രട്ടറി അലി ഉള്ളന്നൂര്‍, മാനേജര്‍ ഇബ്രാഹിംകുട്ടി ചിറ്റപ്പുറത്ത്, പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീജ, പ്രധാനാധ്യാപകന്‍ ഷൗക്കത്ത് അലി, പി.ടി.എ പ്രസിഡന്‍റ് എം.കെ. നാരായണന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ചെര്‍പ്പുളശ്ശേരി: അടക്കാപുത്തൂര്‍ ശബരി പി.ടി.ബി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണം-ബലിപെരുന്നാള്‍ ആഘോഷത്തിന്‍െറ ഭാഗമായി നൂറോളം കുട്ടികള്‍ പങ്കെടുത്ത തിരുവാതിരക്കളി, ഓണപ്പാട്ടുകള്‍, പൂക്കളമത്സരം, മൈലാഞ്ചി മൊഞ്ച്, ഉച്ചഭക്ഷണം എന്നിവ സംഘടിപ്പിച്ചു. പൂര്‍വ വിദ്യാര്‍ഥി ശ്രീധരന്‍ അവതരിപ്പിച്ച തുയിലുണര്‍ത്ത് പാട്ട് പോയകാലത്തിന്‍െറ ഓണഘോഷത്തിന്‍െറ നേര്‍പതിപ്പായിരുന്നു. ഹെഡ്മാസ്റ്റര്‍ എം. പ്രശാന്ത്, പി.ടി.എ പ്രസിഡന്‍റ് ടി. ജയപ്രകാശ്, വൈസ് പ്രസിഡന്‍റ് കെ.ടി. മുരളി മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെര്‍പ്പുളശ്ശേരി: മലബാര്‍ പോളിടെക്നികില്‍ ഓണാഘോഷം നടത്തി. പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.കെ. അബ്ദുല്‍ കരീം അധ്യഷത വഹിച്ചു. എം.പി. അബ്ദുറഹ്മാന്‍, ഹംസ കൊല്ലത്ത്, സി. രാഘവന്‍, കെ.കെ. പ്രകാശന്‍, നിഹ്മ അലി ഹാജി, ഹുസ്സന്‍ കുട്ടി ഹാജി, എന്‍. മുഹമ്മദ്, അബുസമദ്, കെ.എ. ഹമീദ് എന്നിവര്‍ സംസാരിച്ചു. മാരായമംഗലം: ഹൈസ്കൂളില്‍ ഓണം-ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ പി.ടി.എ പ്രസിഡന്‍റ് ഷാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സതീശന്‍, സ്റ്റാഫ് സെക്രട്ടറി സി. ശിവദാസ്, അധ്യാപകരായ ബിബിന്‍ ശങ്കര്‍, ജനാര്‍ദനന്‍, സിദ്ദീഖ്, സുരേഷ്, സംഗീത, അബ്ദുനാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വടംവലി, പൂക്കളമത്സരം, മൈലാഞ്ചി മൊഞ്ച്, ഉച്ചഭക്ഷണം, ഉറിയടി എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.