കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ സ്മാരകത്തിന്‍െറ പ്രവര്‍ത്തനം അവതാളത്തില്‍

ഒറ്റപ്പാലം: സംസ്ഥാന ഭരണമാറ്റം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ഭരണസമിതിയെ നിശ്ചയിക്കാത്തതിനാല്‍ ലക്കിടി കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചന്‍ സ്മാരകത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. കലാപീഠത്തിലെ അധ്യാപകരുടെ ശമ്പളം കുടിശ്ശികയായതുള്‍പ്പെടെയുള്ള പ്രതിസന്ധിയുണ്ട്. ഏപ്രില്‍ മുതലുള്ള ശമ്പളം കുടിശ്ശികയാണ്. നാലര ലക്ഷത്തോളം രൂപയാണ് ഈ ഇനത്തില്‍ മാത്രം കണക്കാക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന് ഭരണം നഷ്ടമായതോടെ ജൂണ്‍ 14ന് സ്മാരക ഭരണസമിതി രാജി വെച്ചൊഴിഞ്ഞിരുന്നു. സാംസ്കാരിക വകുപ്പ് ഏറ്റെടുത്തത് മുതല്‍ സ്മാരകത്തെ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. തകര്‍ന്ന് നിലംപൊത്താന്‍ കാത്തുനിന്ന കലക്കത്ത് ഭവനം സര്‍ക്കാര്‍ ഏറ്റെടുത്തത് സി. അച്യുതമേനോന്‍ മുഖ്യമന്ത്രി ആയ കാലത്താണ്. പിന്നീട് മാറിവന്ന സര്‍ക്കാറുകള്‍ സ്മാരകഭവനത്തോട് അര്‍ഹിക്കുന്ന പരിഗണന കാട്ടിയില്ലന്ന് ജനങ്ങള്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തും ജീവനക്കാര്‍ക്ക് ശമ്പളകുടിശ്ശികയുണ്ടായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടും ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്തും തുള്ളല്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട പഠനാനുകൂല്യം ലഭിക്കാതെയും കലക്കത്ത് ഭവനം പലകാലത്തും വാര്‍ത്തകളില്‍ നിറഞ്ഞതാണ്. സ്മാരകത്തിനകത്തെ കെടാവിളക്ക് എണ്ണപ്പണമില്ലാതെ കരിന്തിരി കത്തുന്ന അവസ്ഥയോളം അവഗണന കൊണ്ടത്തെിച്ചിട്ടുണ്ട്. പ്രതിവര്‍ഷം സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന നാല് ലക്ഷം രൂപകൊണ്ട് വേണം സ്മാരകത്തിന്‍െറ സകല കാര്യങ്ങളും നടത്താന്‍. വിവിധ ചെലവുകള്‍ക്ക് നാമമാത്രമായ മെയ്ന്‍റനന്‍സ് ഗ്രാന്‍റ് ഒരിക്കലും തികയാറുമില്ല. തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം ഭരണസമിതികള്‍ എല്ലാകാലത്തും ഉന്നയിക്കുന്നുണ്ട്. ഇടത് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റില്‍ സ്മാരകം നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചത് പ്രതീക്ഷക്ക് വകനല്‍കുന്നു. സ്മാരക നടത്തിപ്പിന് നേരത്തേ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുക ലഭ്യമാക്കാന്‍ തടസ്സമാകുന്നത് ഭരണസമിതി അധികാരത്തിലില്ലാത്തതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.