ഷൊര്‍ണൂര്‍ നഗരസഭ വാര്‍ഷിക വികസന പദ്ധതി അവതാളത്തില്‍

ഷൊര്‍ണൂര്‍: നഗരസഭയുടെ വാര്‍ഷിക വികസനപദ്ധതി നിര്‍വഹണം അവതാളത്തിലായി. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഏഴ് മാസം മാത്രം ശേഷിക്കെ നഗരസഭയിലെ പദ്ധതികള്‍ക്കൊന്നും അംഗീകാരം ലഭിച്ചിട്ടില്ല. നടപ്പുവര്‍ഷം ആരംഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും നഗരസഭ വികസന പദ്ധതികള്‍ സമര്‍പ്പിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടാത്തതാണ് പ്രശ്നമായത്. പദ്ധതികള്‍ കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് സമര്‍പ്പിച്ച് അംഗീകാരം നേടണമായിരുന്നു. 12ാം പഞ്ചവത്സര പദ്ധതിയിലെ അവസാന സാമ്പത്തിക വര്‍ഷമായതിനാല്‍ അടുത്ത വര്‍ഷത്തേക്ക് പദ്ധതി മാറ്റിവെക്കാനാകില്ളെന്ന സാങ്കേതിക തടസ്സമാണ് പ്രധാനമായും ഉള്ളത്. സെപ്റ്റംബര്‍ ഒമ്പതിന് മുമ്പ് പദ്ധതി സമര്‍പ്പിക്കാനായില്ളെങ്കില്‍ നടപ്പുവര്‍ഷത്തെ വികസന പദ്ധതികള്‍ സ്തംഭനാവസ്ഥയിലാകും. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകാത്ത നഗരസഭക്ക് ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് അംഗീകാരം ലഭിച്ചാലും തുക വിനിയോഗിക്കുക അപ്രായോഗികവുമാണ്. വൈകിയ വേളയിലും വിവിധ പദ്ധതികളുടെ അണിയറ ജോലികളിലാണ് ഇപ്പോഴും അധികൃതര്‍. റോഡുപണികള്‍ മാത്രം 134 എണ്ണമുണ്ട്. ഇതുകൂടാതെയുള്ള പദ്ധതികള്‍ കൂടിയാവുമ്പോള്‍ ഒരു പദ്ധതിയും പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കാനാകില്ളെന്നും വ്യക്തമാണ്. പദ്ധതികള്‍ക്ക് അംഗീകാരം കിട്ടിയാല്‍തന്നെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി നിര്‍മാണഘട്ടത്തിലേക്ക് എത്താന്‍ മാസങ്ങള്‍ കഴിയും. 2017ല്‍ ആരംഭിച്ചാല്‍ മൂന്ന് മാസംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാകില്ല. കൂടാതെ, നഗരസഭക്ക് സ്വന്തമായി എന്‍ജിനീയറില്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. മാസങ്ങള്‍ക്ക് മുമ്പ് നഗരസഭാ എന്‍ജിനീയറെ കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് എന്‍ജിനീയറുടെ ഒഴിവുവന്നത്. പട്ടാമ്പി നഗരസഭയിലെ എന്‍ജിനീയര്‍ക്കായിരുന്നു ഷൊര്‍ണൂരിലെ അധികച്ചുമതല. എന്നാലിപ്പോള്‍ ആരുമില്ലാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.