കുടിവെള്ളം പാഴാവുന്നത് പരാതിപ്പെട്ടപ്പോള്‍ വകുപ്പുകളുടെ തമ്മില്‍ തല്ല്

പട്ടാമ്പി: പത്ത് മാസമായിട്ടും വിളയൂര്‍ കൈപ്പുറം റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടരുന്നു. മെയിന്‍ റോഡില്‍ മൂന്നിടത്താണ് പൊട്ടല്‍. അഞ്ച് താലൂക്ക്് സഭകളില്‍ പ്രശ്നം ഉന്നയിക്കപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളി ഈ വിഷയത്തില്‍ പരാതിപ്പെട്ടിരുന്നു. വിഷയത്തോടുള്ള ഉദ്യോഗസ്ഥരുടെ മറുപടിയില്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പോര് പ്രകടമായിരുന്നു. പൈപ്പ് ചോര്‍ച്ച നന്നാക്കുന്നതോടൊപ്പം റോഡ് അറ്റകുറ്റപ്പണി നടത്താന്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് കത്തയച്ചെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ അപ്രകാരമൊരു കത്ത് കിട്ടിയിട്ടില്ളെന്നായി വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോള്‍ കൊപ്പത്തെ പൈപ്പ് പൊട്ടല്‍ കൂടി ചര്‍ച്ചക്കിട്ടതോടെ സമിതി യോഗം ചൂട് പിടിച്ചു. അധ്യക്ഷത വഹിച്ച മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഇടപെട്ട് വിളയൂര്‍ കൈപ്പുറം റോഡ് പ്രശ്നം തിങ്കളാഴ്ച പരിഹരിക്കുമെന്ന് ഇരുവിഭാഗത്തില്‍നിന്നും ഉറപ്പു വാങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ ടെന്‍ഡര്‍ ചെയ്ത ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കുടിവെള്ള പൈപ്പിന്‍െറ വ്യാസം കൂട്ടാനുള്ള പ്രവൃത്തി നടക്കാത്തത് പ്രസിഡന്‍റ് എ.എം. നാരായണന്‍ ശ്രദ്ധയില്‍ പെടുത്തി. വല്ലപ്പുഴ പഞ്ചായത്തിലെ കുറുവട്ടൂര്‍, യാറം ഭാഗങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലൊഴുകുന്നതായിരുന്നു പ്രസിഡന്‍റ് നന്ദവിലാസിനിയുടെ പരാതി. ലക്ഷം വീട് പുനരുദ്ധാരണത്തിന് ഫണ്ട് വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചേരിക്കല്ല്, ചെറുകോട് ഭാഗത്ത് 86 കുടുംബങ്ങള്‍ക്ക് പട്ടയം കിട്ടിയെങ്കിലും നികുതി അടക്കാന്‍ പറ്റാത്തതിനാല്‍ കെട്ടിടം പണിയാനാവുന്നില്ളെന്നും പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്താത്തതിനാല്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയെന്നും പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. പട്ടാമ്പി ഗവ. ആശുപത്രി വികസനത്തിന് സ്ഥലം വിട്ടുകിട്ടേണ്ട കാര്യം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഉന്നയിച്ചു. പട്ടാമ്പി നഗരത്തിലെ കുഴികളടക്കണമെന്നായിരുന്നു ട്രാഫിക് എസ്.ഐ വിജയന്‍െറ ആവശ്യം. ഓണാഘോഷത്തിന്‍െറ ഭാഗമായി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കാന്‍ സമിതി യോഗം തീരുമാനിച്ചു. ഏഴിന് വൈകീട്ട് മൂന്നിന് സംഘാടക സമിതി ചേരും. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളി, എ.എം. നാരായണന്‍, എന്‍. നന്ദവിലാസിനി അമ്മ, ടി.പി. ശാരദ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.പി. വിനയകുമാര്‍, പി.കെ. ഉണ്ണികൃഷ്ണന്‍, എം.പി. മുരളീധരന്‍, തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് അബ്ദുറഷീദ്, അഡീഷനല്‍ തഹസില്‍ദാര്‍ ശ്രീജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.