മന്തുരോഗ നിവാരണം: സമൂഹ ചികിത്സാ പരിപാടി 11മുതല്‍

പാലക്കാട്: ജില്ലയില്‍ മന്തുരോഗം പൂര്‍ണമായും തുടച്ചുനീക്കാന്‍ ആരോഗ്യ വകുപ്പ് വിപുലമായ പരിപാടികള്‍ ആവിഷ്കരിച്ചു. നവംബര്‍ 11 മുതല്‍ ഡിസംബര്‍ എട്ടുവരെ രണ്ട് ഘട്ടങ്ങളിലായി മന്തുരോഗ നിവാരണ ചികിത്സാ പരിപാടി ജില്ലയില്‍ നടക്കും. രോഗ വ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ ആദ്യഘട്ടത്തില്‍ ഡി.ഇ.സി ആല്‍ബന്‍റസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള സ്ഥലങ്ങളിലും ഗുളികകളത്തെിക്കും. ഉച്ചഭാഷിണി, തെരുവുനാടകം, റാലി, നോട്ടീസ് വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, ചര്‍ച്ചകള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിവിധ പ്രദേശങ്ങളില്‍ ഗുളികകള്‍ കഴിക്കാനുള്ള ബോധവത്കരണം ആരോഗ്യ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. രോഗകാരണം, ലക്ഷണങ്ങള്‍, പകരുന്ന വിധം, ഗുളിക കഴിക്കേണ്ടതിന്‍െറ ആവശ്യകത, പാര്‍ശ്വഫലങ്ങള്‍, മുന്‍കരുതല്‍ എന്നിവ ജനങ്ങളെ ബോധ്യപ്പെടുത്തും. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും ഗുളികകള്‍ വിതരണം ചെയ്യുകയും കഴിച്ചെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. വിദ്യാലയങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍, ചേരികള്‍ എന്നിവിടങ്ങളില്‍ കൊതുക് നിവാരണം നടന്നുവരികയാണ്. മന്തുരോഗം ബാധിച്ചാല്‍ മുക്തിയില്ളെന്നതാണ് ആരോഗ്യ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ട് വയസ്സില്‍ താഴെയുള്ളവരും ഗര്‍ഭിണികളും കാന്‍സര്‍ പോലുള്ള ഗുരുതര രോഗമുള്ളവരും ഒഴികെ ബാക്കിയുള്ളവരെല്ലാം ഡി.ഇ.സി ആല്‍ബന്‍റസോള്‍ ഗുളികകള്‍ ഭക്ഷണ ശേഷം കഴിച്ച് മന്തുരോഗ നിവാരണ യത്നത്തിന്‍െറ ഭാഗമാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു. സമൂഹ ചികിത്സാ പരിപാടിയുടെ മുന്നോടിയായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്നു. പരിസര ശുചീകരണത്തിനും വ്യക്തി ശുചിത്വത്തിനും ഓരോരുത്തരും മുന്‍കൈയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ പൊതുജനാരോഗ്യ അഡീഷനല്‍ ഡയറക്ടര്‍ ഡോ. റീന, ഡി.എം.ഒ ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എ. നാസര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചനാ ചിദംബരം, എന്‍റമോളജി അസി. ഡയറക്ടര്‍ ഡോ. സന്ധ്യ, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.