നീരൊഴുക്ക് നന്നേ കുറവ്; നെഞ്ചിടിപ്പേറ്റി നിള

ഷൊര്‍ണൂര്‍: കടുത്ത വേനലിനെ അനുസ്മരിപ്പിക്കുംവിധമുള്ള നിളയുടെ കിടപ്പ് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലേതിനു തുല്യമാണ് പുഴയുടെ സ്ഥിതി. ഷൊര്‍ണൂര്‍ ഭാഗത്ത് പുഴയുടെ തെക്കേ അതിര്‍ത്തിയില്‍ മാത്രമാണ് നീരൊഴുക്കുള്ളത്. ഇവിടെ കൊച്ചിപ്പാലത്തിനും റെയില്‍വേ പാലത്തിനും ഇടയിലുള്ള ഭാഗത്ത് വേനല്‍ക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാറുണ്ട്. എന്നാല്‍, ഇത്തവണ മഴ തിമിര്‍ത്ത് പെയ്യേണ്ട സമയത്തും ഇവിടെ ചെറിയൊരു നീരൊഴുക്കാണുള്ളത്. കൊച്ചിപ്പാലത്തിന് കിഴക്കുഭാഗത്ത് നിര്‍മിച്ച ഉരുക്ക് തടയണ നിറഞ്ഞൊഴുകുന്ന വെള്ളം മാത്രമാണ് ഷൊര്‍ണൂരിലേക്കും പടിഞ്ഞാറ് ഭാഗത്തേക്കും ഒഴുകുന്നത്. തടയണ നിര്‍മാണം ഈ പ്രദേശങ്ങളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. കൊച്ചിപ്പാലത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗംവരെ വെള്ളിയാങ്കല്ല് പദ്ധതിയുടെ വെള്ളം കെട്ടിനില്‍ക്കും. ചെങ്ങണാംകുന്ന് തടയണ പൂര്‍ത്തിയായാല്‍ ഷൊര്‍ണൂരിന്‍െറ അതിര്‍ത്തി പ്രദേശംവരെ വെള്ളം കെട്ടിനില്‍ക്കും. അപ്പോഴും ഷൊര്‍ണൂര്‍, ചെറുതുരുത്തി പ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമം നേരിടേണ്ടിവരും. ഇപ്പോള്‍ പുഴയുടെ ഇരു കരകളിലുമുള്ള പ്രദേശങ്ങളില്‍ ദിവസങ്ങള്‍ കൂടുമ്പോഴാണ് കുടിവെള്ള വിതരണമുള്ളത്. കൊച്ചിപ്പാലത്തിന് സമീപമുള്ള താല്‍ക്കാലിക തടയണ പുനര്‍നിര്‍മിച്ചാണ് ഇവിടെയുള്ള പമ്പിങ് കിണറിലേക്ക് വെള്ളമത്തെിക്കുന്നത്. പ്രതിദിനം ആവശ്യമായ വെള്ളത്തിന്‍െറ നാലിലൊന്ന് മാത്രമേ ലഭിക്കുന്നുള്ളൂ. ടൗണ്‍ പ്രദേശത്തുള്ളവരും സ്വന്തമായി കിണറില്ലാത്തവരും ഇതുകാരണം പ്രയാസപ്പെടുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് വെള്ളം കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. പുഴയില്‍ ജലനിരപ്പ് കുറഞ്ഞത് സമീപ പ്രദേശങ്ങളിലുള്ള ജലസ്രോതസ്സുകളെയും ബാധിച്ചിട്ടുണ്ട്. കിണറുകളിലും കുളങ്ങളിലും വെള്ളം വളരെ കുറവാണ്. തോടുകള്‍ മിക്കതും നീരൊഴുക്ക് നിലച്ച നിലയിലാണ്. പുഴയുടെ അരികിലുള്ള കുണ്ടന്‍പാടങ്ങള്‍പോലും വിണ്ടുകീറിയാണ് കിടക്കുന്നത്.സമീപകാലത്തൊന്നും മഴക്കാലത്ത് പുഴ ഇത്രയേറെ നീരൊഴുക്കില്ലാതെ കണ്ടിട്ടില്ളെന്ന് പഴമക്കാര്‍ ആണയിടുന്നു. അന്തരീക്ഷത്തില്‍ മഴയുണ്ടാകുന്നതിന്‍െറ ലക്ഷണങ്ങളൊന്നും കാണാത്തത് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. സ്ഥിതി അതീവ ഗുരുതരമായിട്ടും പണി മുടങ്ങിക്കിടക്കുന്ന ഷൊര്‍ണൂരിലെ സ്ഥിരം തടയണയുടെ പ്രവൃത്തി പുനരാരംഭിക്കാന്‍ നടപടിയായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.