കൊല്ലങ്കോട്: പൊള്ളാച്ചി-പാലക്കാട് ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കാത്തതിനെതിരെ സമരം ശക്തമാക്കുന്നു. കൊല്ലങ്കോട് കേന്ദ്രീകരിച്ചുള്ള വിവിധ സംഘടനകള്‍ സംയുക്തമായാണ് 2008ല്‍ നിര്‍ത്തിവെച്ച ട്രെയിനുകള്‍ ഗേജ്മാറ്റം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും പുനരാരംഭിക്കാത്തതിനെതിരെ സമരവുമായി രംഗത്തുവന്നത്. പ്രതിഷേധ ഭാഗമായി വിവിധ സംഘടനകള്‍ സംയുക്തമായി ഒക്ടോബര്‍ ഏഴിന് രാവിലെ 11ന് പൊള്ളാച്ചി-പാലക്കാട് അമൃതാ ട്രെയിന്‍ കൊല്ലങ്കോട് സ്റ്റേഷനില്‍ തടയും. പാലക്കാട് ജങ്ഷന്‍ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോം നിര്‍മാണ പ്രവൃത്തി കഴിഞ്ഞാല്‍ നിര്‍ത്തിവെച്ച ട്രെയിനുകളുടെ സര്‍വിസ് പുനരാരംഭിക്കുമെന്ന് പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. സര്‍വിസ് പുനരാരംഭിക്കാത്തത് തീര്‍ഥാടകരെയും നാട്ടുകാരെയും കുറച്ചൊന്നുമല്ല ബാധിച്ചത്. പൊള്ളാച്ചി-പാലക്കാട് റൂട്ടില്‍ ഏതാണ്ട് രണ്ടായിരത്തിലധികം സീസണ്‍ ടിക്കറ്റുകള്‍ ഉണ്ടായിരുന്നു. ഗേജ്മാറ്റം കഴിഞ്ഞ് സ്പെഷല്‍ ട്രെയിനുകള്‍ സര്‍വിസ് ആരംഭിച്ചപ്പോള്‍ അത് അഞ്ചില്‍ ഒന്നായി ചുരുങ്ങിയെന്ന് റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. നിര്‍ത്തിയ ട്രെയിനുകള്‍ സര്‍വിസ് നടക്കാത്തതിനാല്‍ രാവിലെയും വൈകീട്ടും ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പോകുന്നവര്‍ ബസുകളെയാണ് ആശ്രയിക്കുന്നത്. പാലക്കാട്-പൊള്ളാച്ചി, പൊള്ളാച്ചി-ദിണ്ടിക്കല്‍, പൊള്ളാച്ചി-പോത്തന്നൂര്‍ എന്നീ റൂട്ടുകളെ ബ്രോഡ്ഗേജാക്കി മാറ്റാനായി ഇതിനകം 1065 കോടി രൂപയിലധികം ചെലവഴിച്ചിട്ടും നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വിസ് തുടങ്ങാനും പുതിയ ട്രെയിനുകളെ ഷെഡ്യൂള്‍ ചെയ്യാനും ദക്ഷിണ റെയില്‍വേക്ക് സാധിക്കാത്തത് ജനദ്രോഹമാണെന്ന് സീനിയര്‍ സിറ്റിസണ്‍ ഫ്രന്‍ഡ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹിയായ വാസുദേവന്‍ കുറ്റപ്പെടുത്തി. തമിഴ്നാട് ലോബിയുടെ അനാവശ്യ ഇടപെലുകളാണ് റെയില്‍വേ ഭൂപടത്തില്‍ പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ വികസനങ്ങള്‍ നടക്കാത്തതെന്ന് പൗരാവകാശ വേദി സെക്രട്ടറി മുരുകനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.