എവിടെ #500 ?

പാലക്കാട്: റിസര്‍വ് ബാങ്ക് വിതരണത്തിന് എത്തിച്ചുവെന്ന് പറയുന്ന 500 രൂപയുടെ നോട്ട് എവിടെയെന്നാണ് ജനങ്ങളുടെ ചോദ്യം. പുതിയ നോട്ട് എ.ടി.എമ്മുകളില്‍ എവിടെയും കിട്ടാനില്ല. എണ്ണത്തില്‍ കുറവായതിനാല്‍ ബാങ്കിലൂടെ നല്‍കില്ളെന്നും എ.ടി.എം വഴി ലഭ്യമാക്കുമെന്നായിയിരുന്നു എസ്.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും 500 രൂപ നോട്ടിനുള്ള ജനങ്ങളുടെ കാത്തിരിപ്പ് വെറുതെയായി. അപൂര്‍വം പേര്‍ക്ക് മാത്രമാണ് 500 രൂപ കിട്ടിയത്. 100 രൂപ നോട്ടിനും എ.ടി.എമ്മുകളിലും ബാങ്കുകളിലും ക്ഷാമമുണ്ട്. ഇത് പരിഹരിക്കാന്‍ ഇനിയുമായിട്ടില്ല. ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പൊതുമേഖല ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ പണം നിറക്കുന്നില്ല. പഞ്ചാബ് നാഷനല്‍ ബാങ്ക്, എസ്.ബി.ടി എന്നിവയുടെ നഗരത്തിലെ എ.ടി.എമ്മുകളില്‍ 2000 രൂപ നോട്ട് മാത്രമേയുള്ളൂ. 100 രൂപ നോട്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ എത്തുന്ന ജനങ്ങള്‍ മണിക്കൂറുകള്‍ വരിനിന്നാണ് 2000 രൂപ നോട്ടുമായി മടങ്ങുന്നത്. ബാങ്കുകള്‍ ചെറിയ നോട്ടുകള്‍ വന്‍കിട ഇടപാടുകാര്‍ക്ക് മറിച്ചുനല്‍കുന്നതായി ആക്ഷേപമുണ്ട്. എ.ടി.എമ്മുകളില്‍ പണം നിറക്കാനുള്ള വിമുഖതക്ക് കാരണമായി ഇതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജില്ലയിലേക്ക് ലഭിച്ച 500 രൂപ നോട്ടും വന്‍കിടക്കാര്‍ക്ക് മറിച്ചതായി സൂചനയുണ്ട്. സാധാരണ ജനങ്ങളാണ് ബാങ്കുകളുടെ കളിമൂലം വിഷമിക്കുന്നത്. രണ്ടാഴ്ച പിന്നിട്ടിട്ടും നോട്ട് പിന്‍വലിക്കല്‍ ഉണ്ടാക്കിയ പ്രതിസന്ധിക്ക് അയവ് വന്നിട്ടില്ല. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പണം മാറാന്‍ ഇപ്പോഴും പോംവഴി ഉരുത്തിരിഞ്ഞിട്ടില്ല. ട്രഷറികളില്‍ പണമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.