ആശുപത്രി മാലിന്യ സംസ്കരണം: കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

പാലക്കാട്: മലമ്പുഴ ഡാമിനടുത്ത് പ്രവര്‍ത്തിക്കുന്ന ‘ഇമേജ്’ എന്ന മാലിന്യ സംസ്കരണശാലയില്‍ കൂടുതല്‍ വായുമലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചു. സ്ഥാപനത്തില്‍നിന്ന് മലിനജലം ഡാമിലേക്കൊഴുക്കുന്നതായി കണ്ടത്തെിയിട്ടില്ളെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ ജില്ല വികസന സമിതി യോഗത്തില്‍ അറിയിച്ചു. പുതുശ്ശേരി, വാളയാര്‍ പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കൃഷിനാശമുണ്ടാക്കുന്നത് തടയാനും ഈയിടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും നടപടിയായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. മലമ്പുഴയില്‍ കുട്ടികളുടെ പാര്‍ക്കിലെ ടോയ് ട്രെയിന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ മെക്കാനിക്കല്‍ എന്‍ജിനീയറുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഉദ്യാനത്തിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. മലിനീകരണം നിയന്ത്രിക്കാന്‍ ഡിസംബര്‍ ഒന്നിന് കഞ്ചിക്കോട് രണ്ട് സര്‍വെലന്‍സ് സെന്‍ററുകള്‍ പ്രവര്‍ത്തനം തുടങ്ങും. പട്ടാമ്പി നിയോജക മണ്ഡലത്തില്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ഡെവലപ്മെന്‍റ് ഫണ്ടില്‍ (ആര്‍.ഐ.ഡി.എഫ്) ഉള്‍പ്പെടുത്തി കാരവണ്ണപ്പാലം നിര്‍മിക്കാന്‍ അംഗീകാരം ലഭിച്ചെന്നും തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ക്ക് ഈയാഴ്ച ഭരണാനുമതി ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തില്‍ വോള്‍ട്ടേജ് ക്ഷാമം മൂലം കുടിവെള്ള പദ്ധതികളുടെ മോട്ടോര്‍ പ്രവര്‍ത്തിക്കാത്തത് പരിശോധിക്കും. മുതുതല-പട്ടാമ്പി റോഡ് നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഒറ്റപ്പാലം സബ് കലക്ടറെ ചുമതലപ്പെടുത്തി. മുതുതല പി.എച്ച്.സി നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കല്‍ ത്വരിതപ്പെടുത്തും. വല്ലപ്പുഴ-ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ-മുതുതല, കൊപ്പം-വിളയൂര്‍ കുടുവെള്ള പദ്ധതികള്‍,കെല്ലിന് ചുമതലയുള്ള കണ്ടേങ്കാവ്-തോട്ടുമുക്ക് തൂക്കുപാലം, വിളയൂര്‍ പാലൊളിക്കുളമ്പില്‍ നബാര്‍ഡ് നിര്‍മിക്കുന്ന പാലം, വിളയൂര്‍, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ട് വിനിയോഗിച്ചുള്ള തടയണ നിര്‍മാണം എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി. യോഗത്തില്‍ എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി, മുഹമ്മദ് മുഹ്സിന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.എം.എ. സലാം, എ.ഡി.എം എസ്. വിജയന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്, പാലക്കാട് സബ് കലക്ടര്‍ അഫ്സാന പര്‍വീണ്‍, അസി. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ല പ്ളാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.