ആട്ടയാമ്പതിയില്‍ സംഘര്‍ഷം, ബോംബേറ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

മുതലമട: ആട്ടയാമ്പതിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ വീടിനുനേരെ ബോംബേറുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. ആട്ടയാമ്പതി സ്വദേശി മുഹമ്മദ് സലീമിന്‍െറ വീടിനുനേരെയാണ് ഞായറാഴ്ച അര്‍ധരാത്രിയില്‍ ബൈക്കിലത്തെിയ സംഘം പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബ് പൊട്ടി ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ടെലിവിഷന്‍, ഫര്‍ണിച്ചറുകള്‍ എന്നിവക്ക് കേടുപാട് പറ്റി. സംഭവവുമായി ബന്ധപ്പെട്ട് പോത്തമ്പാടം ഇരട്ടപൊറ്റ സ്വദേശികളായ രാജേഷ് (24), ഗിരീഷ് (23) എന്നിവരെ കൊല്ലങ്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പെട്രോള്‍ ബോംബേറുണ്ടായ വീട്ടില്‍ ജില്ലാ പൊലീസിന്‍െറ സയന്‍റിഫിക് വിഭാഗം തെളിവെടുപ്പ് നടത്തി. ആലത്തൂര്‍ ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിം പ്രദേശം സന്ദര്‍ശിച്ചു. രണ്ടു ദിവസമായി ആട്ടയാമ്പതി മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഞായറാഴ്ച രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ആട്ടയാമ്പതി സ്വദേശി രഞ്ജിത്തിന് (21) മര്‍ദനമേറ്റിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ആട്ടയാമ്പതി സ്വദേശി വിജീഷിനെ (20) റിമാന്‍ഡ് ചെയ്തു. രഞ്ജിത്തിന് മര്‍ദനമേറ്റ കേസില്‍ 36 പേര്‍ക്കെതിരെ കേസെടുത്തതായി കൊല്ലങ്കോട് എസ്.ഐ സഞ്ജയന്‍ കുമാര്‍ പറഞ്ഞു. ബോംബേറില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് ആട്ടയാമ്പതിയില്‍ സി.പി.എം പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ കെ. ബാബു എം.എല്‍.എ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് കൊല്ലങ്കോട് സി.ഐ ഓഫിസില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചതായി സി.ഐ സലീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.