ദുരിതം തീരാതെ ആറാംദിനവും

പാലക്കാട്: കറന്‍സി പരിഷ്കാരത്തിന്‍െറ ആറാം ദിനത്തിലും ബാങ്കുകള്‍ക്ക് മുന്നിലെ വരിയുടെ നീളം കുറഞ്ഞില്ല. ഗുരുനാനാക്ക് ജയന്തി പ്രമാണിച്ചുള്ള അവധി ബ്രാഞ്ച് പോസ്റ്റ് ഓഫിസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതോടെ അതിന് മുകളിലുള്ള തപാല്‍ ഓഫിസുകളും തിങ്കളാഴ്ച പ്രവര്‍ത്തിച്ചു. ബാങ്കുകളില്‍ എത്തിയവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എ.ടി.എമ്മുകളില്‍ തിങ്കളാഴ്ചയും രാവിലെ മുതല്‍ നല്ല തിരക്കായിരുന്നു. സി.ഡി.എം (കാഷ് ഡെപ്പോസിറ്റ് മെഷീന്‍) സെന്‍ററുകള്‍ പലതും പണിമുടക്കിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പൊതുജനത്തിന് ഉപകാരപ്രദമായിരുന്ന ഒരു സേവനം കൂടി ഇല്ലാതായി. പുതിയ 500 രൂപ നോട്ടുകള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച എത്തി എന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, തിങ്കളാഴ്ചയും പുത്തന്‍ നോട്ടുകള്‍ ജില്ലയില്‍ എത്തിയില്ല. 2000ത്തിന്‍െറ നോട്ടുകള്‍ എ.ടി.എം മെഷീനുകള്‍ വഴി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രശ്നപരിഹാരത്തിനായി ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചെങ്കിലും ഇടപാടുകാരില്‍ പലരും അത് മുഖവിലയ്ക്കെടുക്കുന്നില്ല. ജില്ലയില്‍ വിവിധ എ.ടി.എം സെന്‍ററുകളുടെ മുന്നില്‍ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.ജില്ലയുടെ വിവിധ മേഖലകളിലുണ്ടായിരുന്ന മാന്ദ്യം തിങ്കളാഴ്ചയും തുടര്‍ന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് കച്ചവടം നടത്തിയിരുന്ന വന്‍കിട കച്ചവടക്കാരെയും പരിഷ്കാരം ആറാം ദിവസമായപ്പോഴേക്കും ബാധിച്ചു. സൈ്വപ്പിങ് മെഷീന്‍ കേടായത് പലയിടത്തും ഉപഭോക്താക്കളെ വലച്ചു. വര്‍ഷങ്ങളായി മെഷീനുകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ ആറു ദിവസമായിട്ട് ഉപയോഗം കൂടുതലാണെന്ന് കടക്കാര്‍ പറഞ്ഞു. പണം നിക്ഷേപിക്കാന്‍ മാത്രം സാധിക്കുന്ന സഹകരണബാങ്കിലും ശനിയാഴ്ച നല്ല തിരക്കായിരുന്നു. എന്നാല്‍, നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ ചിലര്‍ എത്തിയത് ചെറിയ വാക്കുതര്‍ക്കങ്ങള്‍ക്ക് കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.