ചെര്‍പ്പുളശ്ശേരി ടൗണില്‍ ജൂണ്‍ ഒന്ന് മുതല്‍ ഗതാഗത പരിഷ്കാരം

ചെര്‍പ്പുളശ്ശേരി: ജൂണ്‍ ഒന്ന് മുതല്‍ ഗതാഗത പരിഷ്കാരം നടപ്പില്‍ വരുത്താനും അയ്യപ്പന്‍കാവ് മുതല്‍ പുത്തനാല്‍കല്‍ ക്ഷേത്രംവരെയുള്ള റോഡിന്‍െറ ഇരുവശത്തുമുള്ള വാഴിവാണിഭക്കാരെ പൂര്‍ണമായും ഒഴിപ്പിക്കാനും ബസ്സ്റ്റാന്‍ഡിന് മുന്നിലെ ഇരുചക്ര വാഹന പാര്‍ക്കിങ് നിരോധിക്കാനും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗത്തില്‍ തീരുമാനമായി. കൂടാതെ അനധികൃത പാര്‍ക്കിങ് പിഴ ചുമത്തും. ഗവ. ആശുപത്രിയുടെ മുന്നിലുള്ള സ്റ്റോപ്പുകള്‍ ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുള്ളത് ദുബൈ ഗോള്‍ഡ് ജ്വല്ലറിക്ക് മുന്നിലും പട്ടാമ്പിയിലേക്കുള്ളത് ആശുപത്രി ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തുമായി നിജപ്പെടുത്തി. ഹൈസ്കൂള്‍ റോഡ് ജങ്ഷന്‍ മുതല്‍ ഡോ. ശാന്തകുമാര്‍ ക്ളിനിക് വരെ പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കും. ഒറ്റപ്പാലം റോഡ്, ഇ.എം.എസ് റോഡ് ഇവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് ചരക്ക് ഇറക്കുന്നത് രാവിലെ ഏഴിന് മുമ്പും രാത്രി ഏഴിന് ശേഷവുമായി ക്രമീകരിച്ചു. ഓട്ടോറിക്ഷക്ക് സ്റ്റാന്‍ഡ് പെര്‍മിറ്റ് കര്‍ശനമാക്കി. സ്കൂള്‍ സമയത്ത് സീബ്ര ലൈനില്‍ ഹൈസ്കൂള്‍ റോഡിലും പൊലീസ് സേവനം ഏര്‍പ്പെടുത്തും. ടൗണില്‍ ബസുകള്‍ നിയമാനുസൃത സ്റ്റോപ്പുകളില്‍ മാത്രമേ നിര്‍ത്താവൂ. ഇതിലൂടെ അശാസ്ത്രീയമായി ടൗണില്‍ സൃഷ്ടിക്കുന്ന ട്രാഫിക് ബ്ളോക്ക് പരിഹരിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ടൗണിലെ തിരക്ക് നിയന്ത്രിക്കാന്‍ പദ്ധതിയിട്ടാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗം ചേര്‍ന്നത്. നഗരസഭ അധ്യക്ഷ ശ്രീലജ വാഴകുന്നത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വര്‍ഗീസ് അലക്സാണ്ടര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍, വാഹന പ്രതിനിധികള്‍, ബസുടമകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.