മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

പാലക്കാട്: ജില്ലാ ശുചിത്വമിഷനും ആരോഗ്യവകുപ്പും സംയുക്തമായി മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. ഗ്രാമപഞ്ചായത്ത്, നഗരസഭാതലങ്ങളില്‍ പ്രവര്‍ത്തന പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ക്കും 25,000 രൂപ വീതം മഴക്കാലപൂര്‍വ ശുചീകരണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കാം. ശുചിത്വമിഷന്‍െറ 10,000 രൂപയും ദേശീയ ആരോഗ്യമിഷന്‍െറ 10,000 രൂപയും തദ്ദേശ സ്ഥാപനങ്ങളുടെ 5000 രൂപയും ഉള്‍ക്കൊള്ളിച്ചാണ് തുക വിനിയോഗം. വാര്‍ഡുതല ശുചിത്വാരോഗ്യ പോഷണ സമിതികള്‍ നിര്‍ദേശിക്കുന്ന പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. ഓരോ വാര്‍ഡിലും 25,000 രൂപ അടങ്കല്‍ വരുന്ന സൂക്ഷ്മ കര്‍മപരിപാടി ആവിഷ്കരിച്ച് തദ്ദേശസ്ഥാപന സമിതികളുടെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തനം നടത്തേണ്ടത്. മാലിന്യങ്ങളുടെ ഉറവിട നശീകരണവും ഓടകള്‍ ശുചിയാക്കലും നടക്കുന്നുണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ വിപുലീകരിക്കല്‍, ശുചിത്വാരോഗ്യ ബോധനം, രോഗപ്രതിരോധ ക്യാമ്പുകള്‍, ഡ്രൈ ഡേ ആചരണം, മാലിന്യസംസ്കരണ പരിപാടികള്‍, ഭവനസന്ദര്‍ശനം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പരിപാടികള്‍. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, സാമൂഹിക ശുചിത്വം എന്നീ കര്‍മപദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.