ആനക്കര: പട്ടിത്തറയില്‍ കുന്നിടിച്ച് നികത്തിയ സ്ഥലത്തെ മണ്ണ് ഇടിഞ്ഞതോടെ സമീപവാസികള്‍ ഭീതിയില്‍. പട്ടിത്തറ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്തായി അണ്ടേല്‍ അമ്പലത്തിന് സമീപമാണ് ഹോളോബ്രിക്സ് ഉപയോഗിച്ച് നിര്‍മിച്ച കൂറ്റന്‍ മതില്‍ തകര്‍ന്ന് മണ്ണ് റോഡില്‍ പതിച്ചത്. ഇവിടെ നിരവധി നാളായി മണ്ണെടുക്കലും കുന്ന് നികത്തലും നടന്നുവരികയാണ്. നാട്ടുകാരുടെ എതിര്‍പ്പുകളെ വകവെക്കാതെയായിരുന്നു പ്രവൃത്തി. ബന്ധപ്പെട്ട ഉന്നതരുടെ ഒത്താശയാണ് നാട്ടുകാരുടെ ജീവന് ഭീഷണയായിട്ടുള്ള മണ്ണെടുപ്പെന്ന് ആരോപണമുണ്ട്. ഉയര്‍ന്ന ഭാഗം ഇടിച്ച് ചെരിവുള്ള ഭാഗം മണ്ണിട്ട് നികത്തിയിരുന്നതാണ് ഇടിഞ്ഞുവീണത്. മണ്ണിടിച്ചില്‍ തടഞ്ഞു നിര്‍ത്താനായി മീറ്ററുകള്‍ ഉയരത്തില്‍ അശാസ്ത്രീയമായിട്ടാണ് ഇവിടെ മതില്‍ കെട്ടിയിരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ വന്‍ മതില്‍ പലയിടത്തും തകര്‍ന്നുവീഴാന്‍പാകത്തിലാണുള്ളത്. ഇതാണ് കുന്നിന് താഴ്ഭാഗത്തെ നിരവധി വീടുകള്‍ക്ക്് ഭീഷണി. മഴ കനക്കുന്നതോടെ മുകളിലെ മണ്ണെല്ലാം കുത്തിയൊലിച്ച് ഉരുള്‍ പൊട്ടലിന് സമാനമായ അവസ്ഥ ഉണ്ടാകും. ഇത്തരം പണി നടക്കുന്നത് പഞ്ചായത്ത് ഓഫിസിനു തൊട്ടു മുന്നിലായിട്ടുപോലും തടയുന്നതില്‍ അധികൃതര്‍ ഗുരുതര വീഴ്ചയാണ് കാട്ടിയതെന്ന് ആക്ഷേപമുണ്ട്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലാണ് കുന്നിടിക്കലും മണ്ണെടുപ്പും നടക്കുന്നത്. ഉയര്‍ന്ന കുന്ന് ഒരുവശത്തുനിന്നും നിരത്തി താഴ്ന്ന ഭാഗത്തേക്ക് മണ്ണ് പരത്തുകയായിരുന്നു. വിസ്തൃതമായ കുന്ന് ഇപ്പോള്‍ പൂര്‍ണമായും നിരന്നു കഴിഞ്ഞു. പഞ്ചായത്ത് ഓഫിസിന് സമീപമുള്ള കുന്നുകളെല്ലാം നേരത്തേ തന്നെ മണ്ണെടുത്ത് നശിച്ചിട്ടുണ്ട്. പ്രസ്തുതകുന്നിലെ മണ്ണെടുപ്പ് തടയുന്നതിന്‍െറ ഭാഗമായി താഴെകിടയിലുള്ള ഉദ്യേഗസ്ഥര്‍ക്കെതിരെ സ്ഥല മാറ്റഭീക്ഷണിയും ചിലരെ മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അപകടാവസ്ഥ മനസ്സിലാക്കിയിട്ടുപോലും ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് അതിന് അനുമതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.