മണ്ണാര്‍ക്കാട്ടെ ഫലം കാന്തപുരം വിഭാഗത്തിനും തിരിച്ചടിയായി

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്ലിംലീഗിലെ അഡ്വ. എന്‍. ഷംസുദ്ദീന്‍ വിജയിച്ചത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തിനും തിരിച്ചടിയായി. മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പരസ്യമായി ആഹ്വാനം ചെയ്ത കാന്തപുരത്തിന്‍െറ നടപടി വിവാദമായിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി. സുരേഷ് രാജിന് തങ്ങളുടെ വോട്ട് പൂര്‍ണമായി ലഭിച്ചാല്‍ യു.ഡി.എഫ് തോല്‍ക്കുമെന്നായിരുന്നു കാന്തപുരം വിഭാഗം കണക്കുകൂട്ടിയിരുന്നത്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ മൂന്ന് വര്‍ഷം മുമ്പ് കാന്തപുരം സുന്നി വിഭാഗത്തിലെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവമാണ് ലീഗിനെതിരായ വികാരത്തിന് കാരണമായത്. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ തങ്ങള്‍ക്കുള്ള നിര്‍ണായക സ്വാധീനം ഇടതിന് അനുകൂലമാക്കാന്‍ എ.പി വിഭാഗം പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍, പരസ്യാഹ്വാനം വിപരീത ഫലമുണ്ടാക്കി. ഇ.കെ വിഭാഗം സുന്നികള്‍ കൂടുതല്‍ സജീവമായെന്ന് മാത്രമല്ല, ലീഗിനുള്ളിലെ ഭിന്നതയും വിമതസ്വരവും പൂര്‍ണമായി പരിഹരിക്കാനും കഴിഞ്ഞു. ഇരട്ടക്കൊലപാതകം നടന്ന കാഞ്ഞിരപ്പുഴ പഞ്ചായത്ത് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ടതല്ല. ഇടത് സ്ഥാനാര്‍ഥി കെ.വി. വിജയദാസ് വിജയിച്ച കോങ്ങാട് മണ്ഡലത്തിന്‍െറ പരിധിയിലാണ് കാഞ്ഞിരപ്പുഴ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.