മഴക്കാലപൂര്‍വ ശുചിത്വ കാമ്പയിന് തുടക്കം

പാലക്കാട്: മാലിന്യ വിമുക്തകേരളം പദ്ധതിയുടെ ഭാഗമായി മഴക്കാലപൂര്‍വ ശുചിത്വ കാമ്പയിന് തുടക്കമായതായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. ആരോഗ്യവകുപ്പിന്‍െറയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. വാര്‍ഡുതലങ്ങളിലെ ശുചിത്വ സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. ജൂണ്‍ അവസാനം വരെ നീളുന്ന വിധത്തിലാണ് കാമ്പയിന്‍. വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മഴക്കാലപൂര്‍വ ശുചിത്വത്തിന്‍െറ പ്രാധാന്യം വിശദമാക്കുക, ശുചിത്വ മാപ്പിങ് നടത്തുക എന്നിവയാണ് സ്ക്വാഡിന്‍െറ ലക്ഷ്യം. ഇതിന്‍െറ ഭാഗമായി ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്‍കുക, വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കി കൊതുക് പെരുകാനുള്ള സാധ്യത ഇല്ലാതാക്കുക, കൊതുക്, എലി, മറ്റു മൃഗങ്ങള്‍ എന്നിവയിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ തയാറാക്കുക, കൊതുക് പെരുകുന്നത് ഒഴിവാക്കാന്‍ ഡ്രൈഡേ ആചരിക്കുക തുടങ്ങിയ മുന്‍കരുതലുകളെടുക്കും. വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചകളിലും ഓഫിസുകളിലും ആശുപത്രികളിലും ശനിയാഴ്ചയും വീടുകളിലും പൊതു ഇടങ്ങളിലും ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കും. ജലവിതരണം കൃത്യമാക്കുകയും ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യും. ആരോഗ്യ സ്ഥാപനങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള ചികിത്സയും മരുന്നു ലഭ്യതയും ഉറപ്പുവരുത്തും.ശുചിത്വ സ്ക്വാഡുകള്‍ ഭവന സന്ദര്‍ശനം നടത്തി വീട്ടുകാരെ ബോധവത്കരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതികള്‍ തയാറാക്കി ഇതിനാവശ്യമായ ഫണ്ടുകള്‍ നല്‍കുന്നത്. ആരോഗ്യ വകുപ്പിന്‍െറയും വിദ്യാഭ്യാസ, കൃഷി, സാമൂഹികനീതി, മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പുകളുടെയും നഗരകാര്യ-പൊതുമരാമത്ത്, ഇറിഗേഷന്‍, ജലവിഭവ, തൊഴില്‍ വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിന്‍െറ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ഡോ. ജെ.ഒ. അരുണ്‍, ഡെപ്യൂട്ടി ഡി.എം.ഒ കെ.എ. നാസര്‍, ഡി.ഡി.പി വി. രാധാകൃഷ്ണന്‍, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ ജി. നാരായണന്‍കുട്ടി, നഗരസഭാ സെക്രട്ടറിമാര്‍ മറ്റ് വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.