പൊലീസുകാരനെ വെട്ടിയ കേസില്‍ പ്രതി പിടിയില്‍

പാലക്കാട്: കിണാശ്ശേരി ചേറംപറ്റക്കാവ് പൂരം നടന്ന ദിവസം ടൗണ്‍ സൗത് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ ശിവദാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കിണാശ്ശേരി മുതുകാട് അനില്‍കുമാര്‍ (28), കിണാശ്ശേരി ചായമൂളിക്കളം ചിപ്പു (19) എന്നിവരെ ടൗണ്‍ സൗത് ക്രൈം സ്ക്വാഡ് പിടികൂടി. മാര്‍ച്ച് പത്തിനായിരുന്നു സംഭവം. തണ്ണീര്‍പന്തലില്‍നിന്ന് ഘോഷയാത്ര പുറപ്പെട്ട് വരവേ പിന്നില്‍നിന്ന് കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. ഗുരുതര പരിക്കേറ്റ ശിവദാസന് എഴുപതോളം തുന്നലുണ്ട്. തിരക്കിലൂടെ ഓടി മറഞ്ഞ പ്രതിയെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് സംഭവ സമയത്ത് പ്രദേശവാസികള്‍ എടുത്ത വീഡിയോ ശേഖരിച്ച് ഘോഷയാത്രയില്‍ പ്രശ്നക്കാരായി ഉണ്ടായിരുന്ന മുഴുവന്‍ ആളുകളേയും ചോദ്യം ചെയ്തു. ഇങ്ങനെയാണ് പ്രതി അനില്‍കുമാറിനെ തിരിച്ചറിഞ്ഞത്. ഘോഷയാത്രയിലുടനീളം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ അനില്‍കുമാറിനെ പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിലുള്ള ദേഷ്യമാണ് ആക്രമണ കാരണമായത്. പ്രതി സംഭവ ദിവസം ഉച്ചക്ക് ഘോഷയാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പുതുനഗരത്തെ കടയില്‍നിന്ന് കത്തി വാങ്ങി അരയില്‍ സൂക്ഷിച്ചിരുന്നു. കൃത്യത്തിന് ശേഷം ബംഗളൂരു, പഴനി, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് ഒളിവില്‍ പോയിരുന്നു. വെട്ടാന്‍ ഉയോഗിച്ച ആയുധം ചിറ്റൂരിലെ ഒരു വീട്ടില്‍നിന്ന് കണ്ടെടുത്തു. ടൗണ്‍ സൗത് സി.ഐ പ്രമോദിന്‍െറ നേതൃത്വത്തില്‍ എസ്.ഐ സുജിത്കുമാര്‍, എ.എസ്.ഐ കേശവന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജലീല്‍, സാജിദ്, വിനീഷ്, കബീര്‍, സുരേഷ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. പ്രതികളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.