കോത്തഗിരി സ്വദേശിയുടെ കൊലപാതകം: ഭാര്യയും കാമുകനും പിടിയില്‍

പാലക്കാട്: ഊട്ടി കോത്തഗിരി അറവേണു മമ്പണി മാവുക്കരെ ഈസ്റ്റിലെ മുഹമ്മദാലി (38) കൊല്ലപ്പെട്ട കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഭാര്യ തെക്കേപ്പൊറ്റ ഉളികുത്താംപാടം ചോലക്കല്‍ വീട്ടില്‍ സുലൈഖ (36), കുഴല്‍മന്ദം ചിതലി ചരപ്പറമ്പ് സ്വദേശി സുരേഷ് എന്ന മുഹമ്മദലി (38) എന്നിവരെയാണ് കസബ സി.ഐ എം.ഐ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11നാണ് മൂച്ചിക്കാട് റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തെക്കേപ്പൊറ്റയില്‍ മരപ്പണിക്കാരനായിരുന്ന മുഹമ്മദാലി നാലു വര്‍ഷത്തോളമായി ഭാര്യയുടെ വീട്ടിലാണ് താമസിച്ചത്. സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം മുഹമ്മദാലിയുടെ ഭാര്യ സുരേഷ് എന്നയാളെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ഇയാള്‍ മതം മാറി മുഹമ്മദലി എന്ന പേര്‍ സ്വീകരിച്ചതായും പോലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ചുരുളഴിക്കാനായില്ല. തുടര്‍ന്ന് രണ്ട് പേരുടെയും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ കൂടുതല്‍ തെളിവ് ലഭിച്ചതോടെ പ്രതികള്‍ കുറ്റമേറ്റു. സംഭവത്തെക്കുറിച്ച് പ്രതികള്‍ പറഞ്ഞതിങ്ങനെ: മുഹമ്മദാലിയുടെയും സുലൈഖയുടെയും വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷമായി. 13ഉം 10ഉം വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. രണ്ട് വര്‍ഷത്തോളമായി സുരേഷിന് സുലൈഖയുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഇതിനിടെ മുഹമ്മദാലി മക്കളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്രെ. ഇതേചൊല്ലി ഭര്‍ത്താവുമായി സുലൈഖ വഴക്കുണ്ടാക്കി. ഈ സംഭവത്തിന് ശേഷം സുലൈഖ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിച്ചു. ഇതിനായി സുരേഷിന്‍െറ സഹായം തേടി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പത്തിന് കോയമ്പത്തൂരിലേക്ക് ചികിത്സക്കായി പോവുകയായിരുന്ന മുഹമ്മദാലിയോട് സുരേഷിനോടൊപ്പം പോകാന്‍ ഭാര്യ ആവശ്യപ്പെട്ടു. മുഹമ്മദാലിയെ സുരേഷ് ആലത്തൂരില്‍ നിന്ന് ബൈക്കില്‍ കയറ്റി കഞ്ചിക്കോട്-മലമ്പുഴ റോഡില്‍ മൂച്ചിക്കാട്ടത്തെിച്ചു. അവിടെവെച്ച് മദ്യം വാങ്ങി കുടിപ്പിച്ച് ബോധം കെടുത്തി. കുറ്റിക്കാടിനടുത്തെ കിടങ്ങിലേക്ക് തള്ളി കരിങ്കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി സ്ഥലം വിട്ടു. തുടര്‍ന്ന് മുഹമ്മദാലിയുടെ മൊബൈല്‍ ഫോണ്‍ സിം ഊരി പൊട്ടിച്ചുകളഞ്ഞ് ഫോണ്‍ കൈവശം വെച്ചു. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഒളിവില്‍ പോയ സുലൈഖയെ മേട്ടുപ്പാളയത്തുനിന്ന് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും. ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി എം.കെ. സുല്‍ഫിക്കര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എന്‍. സുനില്‍, കസബ എസ്.ഐ. പ്രശാന്ത് കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ സഹദേവന്‍, എസ്.ഐ സുധാകരന്‍, എ.എസ്.ഐമാരായ സുരേഷ് ബാബു, ജലീല്‍, എസ്.സി.പി.ഒ അനൂപ്. സി.പി.ഒമാരായ സജി, കെ. അഹമ്മദ്, കബീര്‍, വിനീഷ്, രജിത, വനിത സി.പി.ഒമാരായ ജസീന്ത, ബബിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.