ഷൊര്‍ണൂര്‍: സംസ്ഥാനത്തെ ആദ്യത്തെ ഉരുക്ക് നിര്‍മിതമായ തടയണയുടെ പ്രവൃത്തി ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും. ഭാരതപ്പുഴയില്‍ പാലക്കാട് ജില്ലയിലെ മാന്നനൂരിനെയും തൃശൂര്‍ ജില്ലയിലെ പൈങ്കുളത്തെയും ബന്ധിപ്പിച്ചാണ് തടയണ നിര്‍മിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്ള പ്രവൃത്തി സംസ്ഥാന ജലസേചന വകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള എ.ആര്‍ ഇന്‍ഫ്രാടെക് കമ്പനിക്കാണ് കരാര്‍. 2015 മേയില്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കകം മഴക്കാലമാരംഭിച്ചതോടെ പണി നിര്‍ത്തിവെക്കേണ്ടി വന്നു. ഈ വര്‍ഷത്തില്‍ പുഴയിലെ നീരൊഴുക്ക് നിലച്ചഭാഗം മുതല്‍ പ്രവൃത്തി പുനരാരംഭിക്കുകയായിരുന്നു. വിദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് 240 മീറ്റര്‍ നീളത്തിലാണ് തടയണ നിര്‍മിച്ചിട്ടുള്ളത്. ഒമ്പത് മീറ്റര്‍ നീളത്തിലും ഏഴ് എം.എം കനത്തിലും ഷട്ടര്‍ ഘടിപ്പിക്കുന്ന രീതിയില്‍ ബന്ധിപ്പിച്ചിട്ടുള്ള എം.എസ് ഷീറ്റുകളാണ് തടയണ നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ഇവ വേബ്രോ ഹാമര്‍ ഉപയോഗിച്ച് പ്രത്യേക രീതിയില്‍ ‘പൈലിങ്’ ചെയ്താണ് സ്ഥാപിച്ചത്. മണല്‍ പരപ്പില്‍നിന്ന് ഏഴ് മീറ്റര്‍ താഴ്ചയിലാണ് ഷീറ്റുകള്‍ ഉറപ്പിച്ചിട്ടുള്ളത്. മുകളിലേക്ക് രണ്ട് മീറ്റര്‍ ഉയരവുമുണ്ട്. നാല് മീറ്റര്‍ വീതിയില്‍ രണ്ട് ഭാഗത്തായി സ്ഥാപിച്ച ഷീറ്റുകളെ വലിയ ഇരുമ്പ് കമ്പികളുപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. കെട്ടിന്‍െറ ഇടക്കുള്ള ഭാഗം മണ്ണിട്ട് മൂടും. മുകളില്‍ നെറ്റില്‍ കരിങ്കല്ല് ഡ്രൈപാക് ചെയ്ത് പാകും. വെള്ളം നിറഞ്ഞുകവിഞ്ഞ് വീഴുന്ന താഴ്ഭാഗത്തും ഇത്തരത്തില്‍ കരിങ്കല്ല് പാകും. പ്രവൃത്തി പൂര്‍ത്തിയായാല്‍ തടയണയുടെ മുകള്‍ഭാഗത്തേക്ക് നാലര കിലോമീറ്റര്‍ ദൂരം വെള്ളം കെട്ടിനില്‍ക്കുമെന്നാണ് വിലയിരുത്തുല്‍. പാലക്കാട്, തൃശൂര്‍ ജില്ലകളിലുള്ള നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ഇത് ഗുണകരമാകും. സ്ഥലത്തെ ജനപ്രതിനിധികളടക്കം അറിയാതെയാണ് തടയണയുടെ പ്രവൃത്തി ആരംഭിച്ചത്. ഇനി കരിങ്കല്ല് പാകുന്ന പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്. ഇതാരംഭിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കകം പ്രവൃത്തി പൂര്‍ത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.