കിടപ്പു രോഗികള്‍ക്ക് സാന്ത്വന സ്പര്‍ശമേകി ‘സമന്വയ’

ശ്രീകൃഷ്ണപുരം: കിടപ്പു രോഗികള്‍ക്ക് സാന്ത്വന സ്പര്‍ശമേകി ബ്ളോക്ക് പഞ്ചായത്ത് സെക്കന്‍ഡറി പാലിയേറ്റിവ് യൂനിറ്റ് ‘സമന്വയ’യുടെ നേതൃത്വത്തില്‍ ഉല്ലാസയാത്ര നടത്തി. ജീവിതം നാല് ചുവരുകള്‍ക്കിടയില്‍ തളക്കപ്പെട്ട് ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ക്ക് പുറംലോകം കാണാനും ശുദ്ധവായു ശ്വസിക്കാനും അവസരമൊരുക്കുന്നതായിരുന്നു യാത്ര. ചത്തെുതൊഴിലിനിടെ പനയില്‍ നിന്നുവീണ് കിടപ്പിലായ പുലാപ്പറ്റ അയ്യപ്പന്‍കുട്ടി, പനയില്‍നിന്ന് വീണ് അരക്കുതാഴെ തളര്‍ന്ന കാവുങ്ങല്‍തൊടി ഹരിദാസന്‍, നിര്‍മാണ മേഖലയില്‍ പണിയെടുക്കുമ്പോള്‍ അടുക്കിവെച്ചിരുന്ന സിമന്‍റ് ചാക്കുകള്‍ ശരീരത്തില്‍ വീണ് രണ്ട് കാലുകളും തളര്‍ന്നുപോയ കടമ്പഴിപ്പുറം ആമക്കാട്ട് പറമ്പില്‍ വേശു തുടങ്ങി 30 പേരാണ് യാത്രയില്‍ പങ്കെടുത്തത്. ഗുരുവായൂര്‍ ആനക്കോട്ടയിലും തൃശൂര്‍ മൃഗശാലയിലും ചാവക്കാട് കടപ്പുറത്തും ചക്രകസേരയിലിരുന്ന് അവര്‍ കാഴ്ചകള്‍ കണ്‍നിറയെ കണ്ടു. ഒരിക്കലും പുറത്തിറങ്ങാനാവില്ളെന്ന് കരുതിയവര്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ ഉല്ലാസ യാത്ര ഏറെ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കി. വിനോദ യാത്രയില്‍ ബ്ളോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, പാലിയേറ്റിവ് പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജ്, വി.ടി.ബി കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ അടങ്ങിയ നൂറോളംപേര്‍ ഉണ്ടായിരുന്നു. ആടിയും പാടിയും നൃത്തച്ചുവടുകള്‍ വെച്ചും സംഘാംഗങ്ങള്‍ യാത്ര സജീവമാക്കി. കഴിഞ്ഞ ഓണക്കാലത്ത് മലമ്പുഴ ഉദ്യാനത്തിലേക്ക് സമന്വയ നടത്തിയ ഉല്ലാസ യാത്രയുടെ തുടര്‍ച്ചയായുള്ള രണ്ടാം യാത്രയായിരുന്നു ഇത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.