പാലക്കാട്ട് ചൂട് 40 ഡിഗ്രിയോട് അടുക്കുന്നു

പാലക്കാട്: കടുത്ത ചൂട് ജില്ലയിലുടനീളം തുടരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും മുണ്ടൂരിലെ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വേനല്‍മഴ നീണ്ടാല്‍ താപനില ഇനിയും വര്‍ധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനകം ഏഴ് പേര്‍ക്ക് ജില്ലയില്‍ സൂര്യാതപമേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. വറ്റിയ കിണറുകളാണ് കൂടുതല്‍. ജലസംഭരണികളില്‍ നിരപ്പ് വല്ലാതെ താഴ്ന്നതിനാല്‍ കുടിവെള്ള വിതരണത്തെ ബാധിച്ചുതുടങ്ങി. ഭാരതപുഴയിലേക്ക് മലമ്പുഴ ഡാമില്‍നിന്ന് വെള്ളം തുറന്നുവിട്ടത് അല്‍പം ആശ്വാസമാണെങ്കിലും മലമ്പുഴയിലെ ജലനിരപ്പും താഴുകയാണ്. പാലക്കാട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് മലമ്പുഴ ഡാമിനെയാണ്. വേനലാരംഭത്തില്‍തന്നെ നീരൊഴുക്ക് നിലച്ച് നിള ഷൊര്‍ണൂര്‍: വേനലാരംഭത്തില്‍തന്നെ ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലച്ചു. പുഴയില്‍ ഷൊര്‍ണൂരിലും പരിസരത്തും വെള്ളം അവശേഷിക്കുന്നത് അപൂര്‍വം കയങ്ങളിലും കുഴികളിലും മാത്രമാണ്. വേനലില്‍ കൊച്ചിപ്പാലത്തിന് താഴെയുള്ള കയങ്ങളില്‍ മൂന്നാള്‍ പൊക്കത്തില്‍വരെ വെള്ളമുണ്ടാകാറുണ്ട്. ഈ വേനലില്‍ ഇത്തരത്തിലുള്ള കയങ്ങളില്‍പോലും വെള്ളം അവശേഷിക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിരവധിപേര്‍ വേനല്‍ക്കാലത്ത് പുഴയില്‍ കുളിക്കാനത്തൊറുണ്ട്. ചൂടേറ്റ് തളരുന്ന പക്ഷികളും കന്നുകാലികളും വെള്ളത്തില്‍ കിടന്ന് കുളിക്കുന്നത് പതിവാണ്. ഉത്സവത്തിന് കൊണ്ടുപോവുകയും കഴിഞ്ഞ് മടങ്ങുകയും ചെയ്യുന്ന ഗജവീരന്മാരുടെ നീരാട്ട് കൗതുക കാഴ്ചയുമായിരുന്നു. ഒരേസമയം പത്തിലധികം ആനകളെ കുളിപ്പിക്കുന്നതും കാണാമായിരുന്നു. ഭാരതപുഴയുടെ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി ഭാഗം വരുന്ന കരയെ തഴുകി ഒഴുകുന്ന വെള്ളം അറ്റ വേനല്‍കാലത്ത് മാത്രമാണ് നിലയ്ക്കാറുള്ളത്. ഈ വര്‍ഷം ഇവിടെ നീരൊഴുക്ക് ഇപ്പോഴേ നിലച്ചു കഴിഞ്ഞു. പുഴയിലെ കയങ്ങളിലെ വെള്ളം നേരത്തേ തന്നെ വറ്റിയത് ജനങ്ങളില്‍ കടുത്ത ആശങ്കയുണര്‍ത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.