315 ബൂത്തുകള്‍ പ്രശ്നബാധിതം, ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക വാട്സ്ആപ് ഗ്രൂപ്

പാലക്കാട്: ജില്ലയില്‍ 315 പ്രശ്നബാധിത ബൂത്തുകള്‍. ഇവിടെ പൊലീസിന്‍െറ സേവനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംവിധാനങ്ങളൊരുക്കാനായാണ് റിട്ടേണിങ് ഓഫിസര്‍മാര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ഷന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവരുടെ യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നത്. ഇലക്ഷനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക വാട്സ്ആപ് ഗ്രൂപ് തയാറാക്കാന്‍ യോഗം തീരുമാനിച്ചു. വോട്ട് ചെയ്തത് ആര്‍ക്ക് എന്നറിയാനുള്ള 175 വോട്ടിങ് മെഷീനുകള്‍ ജില്ലയില്‍ എത്തിയതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും സൗകര്യങ്ങള്‍ വിലയിരുത്തും. തെരഞ്ഞെടുപ്പ് മേയ് മാസത്തിലെ കടുത്ത വരള്‍ച്ചാസമയത്ത് ആയതിനാല്‍ പോളിങ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ വൈദ്യുതി, കുടിവെള്ള സംവിധാനങ്ങളും പരിശോധനാ വിധേയമാക്കും. മൊബൈല്‍ റെയ്ഞ്ചില്ലാത്ത പോളിങ് സ്റ്റേഷനുകള്‍ പരിശോധിച്ച് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ഒരു പോളിങ് ബൂത്തില്‍ 1500 വോട്ടര്‍മാരില്‍ കൂടുതലുണ്ടെങ്കില്‍ രണ്ടു ബൂത്തുകളായി തിരിക്കാം. ജില്ലയിലെ 315 പ്രശ്നബാധിത ബൂത്തുകളിലും പൊലീസിന്‍െറ സേവനം ഉറപ്പാക്കും. അട്ടപ്പാടി മേഖലയിലെ ഉള്‍പ്രദേശത്തുള്ള ബൂത്തുകളിലേക്ക് മോക്ക് പോളിങ് നടത്തുന്നതിന് ഉദ്യോഗസ്ഥരെയും മറ്റ് രാഷ്ട്രീയ പ്രതിനിധികളെയും ബൂത്തിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി തീരുമാനമെടുക്കും. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ബൂത്ത് ലെവല്‍ അവയര്‍നെസ് ഗ്രൂപ് രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. ജില്ലയിലെ എല്ലാ അസംബ്ളി മണ്ഡലത്തിലും ജനകീയ ബോധവത്കരണത്തിനായി പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.വി. ഗോപാലകൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ. ഷാനവാസ്ഖാന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.