ആര്‍ക്കും വേണ്ടാതെ കൊയ്ത്ത് യന്ത്രങ്ങള്‍

പാലക്കാട്: 48 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വിദേശത്ത് നിന്ന് കൃഷിവകുപ്പ് ഇറക്കുമതി ചെയ്ത കുബോട്ടയുടെ നാല് കൊയ്ത്ത് യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. മലമ്പുഴയിലെ കൃഷി വകുപ്പിന്‍െറ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മഴയും വെയിലുമേറ്റ് യന്ത്രങ്ങള്‍ നശിക്കുകയാണ്. 1999ലാണ് കൃഷി വകുപ്പ് കൊയ്ത് യന്ത്രങ്ങള്‍ വാങ്ങിച്ചത്. ഒന്നിന് 12 ലക്ഷം രൂപയായിരുന്നു അന്നത്തെ വില. കര്‍ഷകര്‍ക്ക് വാടകക്ക് നല്‍കുന്നതിനാണ് കൊയ്ത്ത് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തത്. അഞ്ച് വര്‍ഷത്തോളം ഇവ ഉപയോഗിച്ച് കൊയ്ത്ത് നടത്തിയെങ്കിലും ആധുനിക രീതിയിലുള്ള കൊയ്ത്ത് യന്ത്രങ്ങള്‍ ഇറക്കിയതോടെ പഴയ യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടാതായി. ഒരു ഹെക്ടര്‍ രണ്ടര മണിക്കൂര്‍ കൊണ്ടാണ് പഴയ യന്ത്രം കൊയ്തിരുന്നത്. മാത്രമല്ല, നെല്ല് സൂക്ഷിക്കാന്‍ ഈ യന്ത്രത്തില്‍ സൗകര്യവും ഇല്ലായിരുന്നു. പുതിയ കൊയ്ത്ത് യന്ത്രങ്ങള്‍ മുക്കാല്‍ മണിക്കൂറില്‍ ഒരേക്കര്‍ സ്ഥലം കൊയ്യും. നെല്ല് സൂക്ഷിക്കാന്‍ യന്ത്രത്തില്‍ സൗകര്യവും ഉള്ളതിനാല്‍ കര്‍ഷകര്‍ ആധുനിക കൊയ്ത്ത് യന്ത്രങ്ങളെയാണ് വാടകക്ക് വിളിച്ചിരുന്നത്. പഴയ കൊയ്ത് യന്ത്രങ്ങള്‍ക്ക് ആവശ്യക്കാരില്ലാതായതോടെ കൃഷി വകുപ്പിന്‍െറ വര്‍ക്ക് ഷോപ്പ് ഷെഡിലേക്ക് മാറ്റി. അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ലേലം ചെയ്തെങ്കിലും എടുക്കാന്‍ ആളില്ലായിരുന്നു. ഒരു യന്ത്രത്തിന് നാല് ലക്ഷം രൂപ നിശ്ചയിച്ചാണ് ലേലം നടത്തിയത്. അതാണ് ലേലം വിളിക്കാന്‍ ആളുകള്‍ എത്താതിരിക്കാന്‍ കാരണമെന്ന് പറയുന്നു. വീണ്ടും ലേലം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷം മുമ്പ് സര്‍ക്കാറിന് കത്തയച്ചിരുന്നുവെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.