കല്ലടിക്കോട് ജലസേചന വകുപ്പിന്‍െറ കെട്ടിടങ്ങള്‍ അവഗണനയില്‍

കല്ലടിക്കോട്: ജലസേചന വകുപ്പിന്‍െറ കെട്ടിടങ്ങള്‍ ജീര്‍ണിച്ച് നിലംപൊത്താറായ നിലയില്‍. കല്ലടിക്കോട് ടൂറിസ്റ്റ് ബംഗ്ളാവ് ജങ്ഷനിലെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടിലാണ് കാലപ്പഴക്കത്താല്‍ തകര്‍ന്ന് വീഴാറായ കെട്ടിടങ്ങളുള്ളത്. രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. ക്വാര്‍ട്ടേഴ്സുകളുടെ മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നുണ്ട്. 1852ലാണ് ബ്രിട്ടീഷുകാര്‍ ടൂറിസ്റ്റ് ബംഗ്ളാവ് സ്ഥാപിച്ചത്. മദ്രാസിലെ പുരാവസ്തു വകുപ്പിനായിരുന്നു ബ്രിട്ടീഷുകാരുടെ ഭരണത്തിന് ശേഷം ഈ കെട്ടിടങ്ങളുടെ മേല്‍നോട്ടം. പുരാവസ്തു വകുപ്പ് പിന്നീട് ഇവ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കൈമാറി. 1973വരെ സി.പി.ഡബ്ള്യു.ഡിയുടെ അധീനതയിലായിരുന്നു. കെട്ടിടങ്ങള്‍ കാഞ്ഞിരപ്പുഴ ഡാം നിര്‍മിച്ചതോടെ ജലസേചന വകുപ്പിന് കീഴിലായി. ബ്രിട്ടീഷുകാരുടെ കാലത്ത് സുഖവാസത്തിനും വിശ്രമത്തിനും ഉപയോഗിച്ചിരുന്ന കെട്ടിടങ്ങള്‍ പരിപാലിക്കാന്‍ കാല്‍ നൂറ്റാണ്ട് മുമ്പുവരെ സര്‍ക്കാര്‍ പ്രത്യേക വാച്ചര്‍മാരെ നിയോഗിച്ചിരുന്നു. പരിപാലനവും സംരക്ഷണവും അറ്റകുറ്റപ്പണിയും നിലച്ചതോടെ കെട്ടിടങ്ങള്‍ നോക്കുകുത്തിയായി. ക്വാര്‍ട്ടേഴ്സുകളിലൊന്ന് കരിമ്പ ഗ്രാമപഞ്ചായത്തിന്‍െറ നിര്‍ദേശ പ്രകാരം പൊലീസ് സ്റ്റേഷന് കൈമാറി. നിയമപാലകര്‍ താമസിക്കുന്നതിനും വിശ്രമത്തിനും നിലവില്‍ വാടക കെട്ടിടങ്ങളെയാണ് ആശ്രയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കെട്ടിടങ്ങളുടെ ദുരവസ്ഥ പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടി നീളുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.