കൊല്ലങ്കോട്: ജില്ലാ കലക്ടര്‍ റെയ്ഡില്‍ പിടിച്ചിട്ട ഇഷ്ടികകള്‍ ടിപ്പറുകളില്‍ കടത്താന്‍ ശ്രമമെന്ന് ആരോപണം. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി വെള്ളിയാഴ്ച നടത്തിയ പരിശോനയില്‍ 50 ഇഷ്ടികക്കളങ്ങളില്‍ നിന്നായി കണ്ടുകെട്ടിയ 50 ലക്ഷത്തിലധികം ഇഷ്ടികകളാണ് കടത്തിക്കൊണ്ടുപോകാന്‍ നീക്കം നടത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പരമാവധി ഇഷ്ടിക കടത്താനാണ് ഉടമകളുടെ ശ്രമം. വെള്ളിയാഴ്ച വൈകീട്ട് ആറോടെ റെയ്ഡ് അവസാനിച്ചശേഷം അന്നുരാത്രി എട്ടു മുതല്‍ വാഴപ്പുഴയിലും ആറുകാട്ടിലുമായി ഇഷ്ടിക കടത്ത് ആരംഭിച്ചതായി സൂചനയുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ വീണ്ടും ഇഷ്ടികകളുടെ കടത്ത് തുടര്‍ന്നുവരുന്നുണ്ട്. രണ്ടാം ശനിയാഴ്ച്ച ആയതിനാല്‍ ഉദ്യോഗസ്ഥര്‍ ആരും നടപടിയെടുക്കാന്‍ തയാറായിട്ടില്ല. ഞായറും അവധിയായതിനാല്‍ കലക്ടര്‍ പിടിച്ചെടുത്ത ഇഷ്ടികകളില്‍ വലിയൊരു ഭാഗം കടത്താനാണ് നീക്കം. ഇഷ്ടികനിര്‍മാണത്തിന് കൂട്ടിയിട്ട മണ്ണും നീക്കം ചെയ്യാന്‍ ഉടമകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മണ്ണുമാന്തിയന്ത്രങ്ങള്‍ മണ്ണാമ്പള്ളത്ത് എത്തിച്ചു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ഇഷ്ടിക കടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.