പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളജിന്‍െറ കണ്‍സല്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് നടന്നതായി ആരോപണം. ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജ് കണ്‍സല്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കെയാണ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പാലക്കാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നടന്ന സുപ്രധാന കരാര്‍ വിവരങ്ങള്‍ പുറത്തുവന്നത്. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ഏക മെഡിക്കല്‍ കോളജാണ് പാലക്കാട്ടേത്. മുഖ്യമന്ത്രി ചെയര്‍മാനായ ട്രസ്റ്റിനാണ് നിയന്ത്രണം. പട്ടികജാതി വികസന വകുപ്പിന്‍െറ കോര്‍പസ് ഫണ്ടില്‍നിന്ന് 800 കോടിയോളം രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളജും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കുന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള എച്ച്.എസ്.സി.സി ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് മെഡിക്കല്‍ കോളജിന്‍െറ വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കാന്‍ ചുമതലപ്പെടുത്തിയത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം കണ്‍സല്‍ട്ടന്‍സി സ്ഥാപനവുമായി കരാര്‍ ഒപ്പിടേണ്ടതെന്ന് സര്‍ക്കാര്‍ ചട്ടമുണ്ട്. എന്നാല്‍, പാലക്കാട് മെഡിക്കല്‍ കോളജിന്‍െറ കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടത് മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസറും കണ്‍സല്‍ട്ടന്‍സി സ്ഥാപന പ്രതിനിധിയും തമ്മിലാണ്. കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഫീസ് മൊത്തം പദ്ധതി തുകയുടെ രണ്ടുശതമാനത്തില്‍ കുറവാകണമെന്നാണ് പൊതുമരാമത്ത് ചട്ടം. എന്നാല്‍, പദ്ധതി തുകയുടെ 2.9 ശതമാനത്തിനാണ് മെഡിക്കല്‍ കോളജ് കണ്‍സല്‍ട്ടന്‍സി സ്ഥാപനവുമായി കരാര്‍ ഒപ്പുവെച്ചതെന്ന് വിവരാവകാശരേഖകളില്‍ വ്യക്തമാണ്. മൊത്തം ആറ് ജോലികള്‍ക്കാണ് പ്രോജക്ട് മാനേജ്മെന്‍റ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. വിശദ പദ്ധതി റിപ്പോര്‍ട്ടിനായി താല്‍പര്യപത്രം ക്ഷണിക്കല്‍, വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കല്‍ എന്നിവ മാത്രമാണ് കമ്പനി പൂര്‍ത്തീകരിച്ചത്. താല്‍പര്യപത്രം ക്ഷണിച്ച വകയില്‍ 2013 ജൂലൈ നാലിന് 62,50,000 രൂപയും ഡി.പി.ആറിനും അനുബന്ധ ജോലികള്‍ക്കും 2013 ഒക്ടോബര്‍ 15നും നവംബര്‍ ഏഴിനുമായി 1,25,00,000 രൂപയും മെഡിക്കല്‍ കോളജ് അധികൃതര്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന് നല്‍കി. നാല് ജോലികള്‍ ശേഷിക്കെ, കണ്‍സല്‍ട്ടന്‍സി സ്ഥാപനവുമായുള്ള കരാര്‍ എന്തുകൊണ്ട് അവസാനിപ്പിച്ചെന്നത് ദുരൂഹമാണ്. ബാക്കി ജോലികള്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് ചെയ്തത്. സൂപ്പര്‍വിഷന്‍, ക്വാളിറ്റി കണ്‍ട്രോള്‍, പ്രവൃത്തിയുടെ അന്തിമ ബില്‍ നല്‍കുന്നതുവരെയുള്ള പരിശോധന തുടങ്ങിയവയാണ് കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തില്‍നിന്ന് എടുത്തുമാറ്റിയത്. കണ്‍സല്‍ട്ടന്‍സി നിയമത്തില്‍ നടന്ന ക്രമക്കേടുകളില്‍ വിശദ അന്വേഷണം വേണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് പി. രാജീവ് മുഖ്യമന്ത്രി, പൊതുമാരാമത്ത് മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.