കുടുംബശ്രീ വായ്പ തട്ടിപ്പ് കോണ്‍ഗ്രസിന് തലവേദനയാകുന്നു

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വായ്പ തട്ടിപ്പ് കോണ്‍ഗ്രസിന് തലവേദനയാകുന്നു. പ്രതിപക്ഷനിരയിലെ പ്രമുഖ പാര്‍ട്ടികളും ഐക്യമുന്നണിയിലെ പ്രബല ഘടകകക്ഷിയുമായ മുസ്ലിംലീഗും കുടുംബശ്രീ വായ്പ തട്ടിപ്പിനെതിരെ പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണ് പ്രശ്നം കോണ്‍ഗ്രസിനകത്ത് നീറിപ്പുകയാന്‍ വഴിയൊരുക്കിയത്. ഐക്യമുന്നണി ഭരണകാലത്ത് സി.ഡി.എസ് ചെയര്‍പേഴ്സനായിരുന്ന നിലവിലെ 15ാം വാര്‍ഡ് മെംബര്‍ കുടുംബശ്രീ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ സാഹചര്യത്തില്‍ മെംബര്‍സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നാണ് നിലവിലെ ഭരണസമിതിയിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐയുടെയും പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളിലൊന്നായ ബി.ജെ.പിയുടെയും ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ കരിമ്പ ലോക്കല്‍ കമ്മിറ്റി, ബി.ജെ.പി കരിമ്പ പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘകൃഷി കുടുംബശ്രീ വായ്പയിലെ അഴിമതി അന്വേഷിക്കണമെന്ന പരസ്യ പ്രസ്താവനയുമായി രംഗത്തിറങ്ങുകയും ചെയ്തു. എന്നാല്‍, പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഒൗദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാതെ മൗനംപാലിക്കുകയാണെന്ന് ആരോപമുണ്ട്. രണ്ട് കുടുംബശ്രീ യൂനിറ്റുകളുടെയും പേരില്‍ ആറ് ലക്ഷം രൂപയുടെ വായ്പ കാരാകുര്‍ശ്ശി കനറാ ബാങ്ക് മുഖേന എടുത്തതുമായി ബന്ധപ്പെട്ടാണ് കുടുംബശ്രീ വായ്പ തട്ടിപ്പ് ആരോപണം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങളും കരിമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്‍െറ അന്വേഷണവും പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.