ഷൊര്‍ണൂര്‍: പരമ്പരാഗത ഇത്തിള്‍ വ്യാപാരം പ്രതിസന്ധിയില്‍. കൃഷിക്ക് ഏറെ പ്രയോജനപ്രദമായ ഇത്തിള്‍ ഉണ്ടാക്കുന്ന ചൂളകള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കാത്തതാണ് വ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്നത്. കാത്സ്യം കാര്‍ബണേറ്റ് ചൂടാക്കുമ്പോഴാണ് ഇത്തിള്‍ എന്നറിയപ്പെടുന്ന നീറ്റുകക്ക ഉണ്ടാകുന്നത്. നീറ്റുകക്കയില്‍ വെള്ളമൊഴിക്കുമ്പോള്‍ ചുണ്ണാമ്പാവുന്നു. ഏറെ പ്രയോജനപ്രദമായ ഇത്തിള്‍ ഉണ്ടാക്കാനായി ചൂളക്ക് വെക്കുന്നത് പരിസ്ഥിതി മലിനീകരണമുണ്ടാക്കുമെന്ന വാദം നിരത്തിയാണ് ചൂളക്ക് അനുമതി നല്‍കാതിരിക്കുന്നത്. അമ്ള സ്വഭാവമുള്ള മണ്ണില്‍ അമ്ളത്തിന്‍െറ അംശം കുറക്കാനാണ് കര്‍ഷകര്‍ ഇത്തിള്‍ ഉപയോഗിക്കുന്നത്. വിവിധ കൃഷികള്‍ക്ക് ഇത് ഏറെ പ്രയോജനപ്രദവുമാണ്. ഇത്തിളുണ്ടാക്കുന്നത് ശ്രമകരമായ ജോലിയാണെന്നതിനാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍, ഈ രംഗത്തുള്ളവര്‍തന്നെ വിടപറയേണ്ട അവസ്ഥയിലാണെന്ന് ഷൊര്‍ണൂരില്‍ ഇത്തിള്‍ വ്യാപാരം നടത്തുന്ന ചുങ്കത്ത് പോള്‍ പറഞ്ഞു. ഇത്തിള്‍ വ്യാപാരത്തില്‍ ഏഴ് പതിറ്റാണ്ടിലധികമായി വ്യാപൃതനാണ് പോള്‍. പിതാവ് ഇട്ടിമാത്യുവില്‍നിന്നാണ് പോള്‍ ഈ തൊഴില്‍ സ്വീകരിച്ചത്. പതിറ്റാണ്ടുകളായി നടത്തിവരുന്ന ചൂളക്ക് നഗരസഭ അനുമതി നല്‍കിയില്ല. അതിനാല്‍ ചേലക്കര മണപ്പാടത്തുനിന്ന് ഇത്തിള്‍ കൊണ്ടുവന്ന് വില്‍പന നടത്തുകയാണിപ്പോള്‍. വൈകാതെ ഇതും നിര്‍ത്തേണ്ടിവരുമെന്ന സ്ഥിതിയാണ്. അങ്ങനെയെങ്കില്‍ ഇത്തിളിനായി 20 കിലോമീറ്ററിലധികം പോകേണ്ട ഗതികേടിലാവും കൃഷിക്കാര്‍. ഷൊര്‍ണൂരിലും പരിസരത്തുമായി പോളിന്‍െറ വ്യാപാരം മാത്രമാണുള്ളത്. ഓടിട്ട വീടുകളില്‍ മൂല ഓടുകള്‍ ഉറപ്പിക്കുന്നതിനും കിണറുകളിലെയും മറ്റും വെള്ളം ശുചീകരിക്കുന്നതിനും ഇത്തിള്‍ ഉപയോഗിക്കുന്നുണ്ട്. മഴക്കാലമായാല്‍ നിലത്തെ വഴുക്കല്‍ മാറ്റുന്നതിനും ഇത്തിള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇപ്പോള്‍ കാസ്റ്റ് അയേണ്‍ നിര്‍മാണ പ്രക്രിയയിലും ഇത്തിള്‍ അവിഭാജ്യഘടകമാണ്. അതിനാല്‍ ഈ വ്യാപാരം നിലനിര്‍ത്താന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് പോള്‍ ആവശ്യപ്പെടുന്നു. മുമ്പ് ചാവക്കാട്ടുനിന്ന് കിട്ടിയിരുന്ന ഇത്തിള്‍ ഇപ്പോള്‍ ആലപ്പുഴയില്‍നിന്ന് കൊണ്ടുവന്നാണ് നീറ്റുന്നത്. ഇത് വിലവര്‍ധനക്ക് വഴിവെക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.