സ്കൂള്‍ പരിസരങ്ങളില്‍ ടിപ്പറുകള്‍ക്കും ബൈക്കുകളും നിയന്ത്രിക്കണമെന്നാവശ്യം

ആനക്കര: സ്കൂള്‍ തുറന്നതോടെ ടിപ്പറുകള്‍ക്കും കൗമാരക്കാരുടെ ബൈക്ക് ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യം. വിദ്യാലയങ്ങള്‍ക്ക് മുന്നിലൂടെ സ്കൂള്‍ പ്രവര്‍ത്തനദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ പത്തുവരെയും വൈകീട്ട് നാലുമുതല്‍ അഞ്ചുവരെയും ടിപ്പര്‍ലോറികള്‍ക്ക് സര്‍വിസ് നടത്താന്‍പാടില്ളെന്നാണ് നിയമം. എന്നാല്‍, അവധിക്കാലത്ത് താല്‍ക്കാലികമായി ഒഴിവാക്കിയ ഈ നിയന്ത്രണം വീണ്ടും പ്രാബല്യത്തിലാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സ്കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷയുടെ ഭാഗമായി നിയോഗിച്ചിരുന്ന പൊലീസ് കാവല്‍പോലും അധ്യയനവര്‍ഷാരംഭത്തില്‍ കാണുന്നില്ല. പുതിയൊരു അപകടവാര്‍ത്തവരുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഉണരുന്നത്. വിദ്യാര്‍ഥികളുടെ ബൈക്ക് ഉപയോഗത്തിനും നിയന്ത്രണമായിട്ടില്ല. വിദ്യാലയങ്ങള്‍ തോറും പ്രത്യേക സമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ലൈസന്‍സില്ലാതെ മൂന്നുപേരെ വെച്ചും സൈലന്‍സറില്‍ മാറ്റങ്ങള്‍ വരുത്തി ഉഗ്ര ശബ്ദം പുറപ്പെടുവിച്ചാണ് വിദ്യാര്‍ഥികളില്‍ പലരുടെയും ബൈക്ക് യാത്ര. ഓരോ വര്‍ഷവും പുതിയ നിയമങ്ങള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപടി വിരളമാണ്. പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാമെന്നിരിക്കെ അധികൃതരുടെ പ്രത്യേക പരിഗണനവേണമെന്നതാണ് രക്ഷിതാക്കളുടെ ആവശ്യം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കും നിവേദനം നല്‍കുമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.