അനധികൃത ക്വാറികള്‍ക്കെതിരെ നടപടി: ജില്ലാ കലക്ടര്‍ എം.എല്‍.എമാരുടെ സഹകരണം തേടി

പാലക്കാട്: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍, ഇഷ്ടികകളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമം അനുസരിച്ച് നിയന്ത്രിക്കുവാന്‍ ജനപ്രതിനിധികളുടെ സഹകരണം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ആവശ്യപ്പെട്ടു. മഴകാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കലക്ടറേറ്റ് ഹാളില്‍ വിളിച്ച് ചേര്‍ത്ത എം.പി-എം.എല്‍.എമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. മഴക്കാല രോഗ പ്രതിരോധങ്ങളുടെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഡെങ്കിപ്പനിയെ നിയന്ത്രിക്കാന്‍ വേണ്ട മുന്‍കരുതലും ആവശ്യമായ മരുന്നുകളും എല്ലാ ആശുപത്രികളിലും കരുതിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. കൊതുകിന്‍െറ സാന്ദ്രത ആഴ്ചയിലൊരിക്കല്‍ മനസ്സിലാക്കി വരുന്നതായും വരും മാസങ്ങളില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ഡ്രൈഡേ ആചരിക്കും. കിണറുകളില്‍ ക്ളോറിനേഷന്‍ നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കൊതുകിന്‍െറ ഉറവിടങ്ങള്‍ കണ്ടത്തെി നശിപ്പിക്കുന്നതിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും വാര്‍ഡ് തലങ്ങളിലെ ശുചീകരണ കമ്മിറ്റികളുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാണെന്നും ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു. ജില്ലയിലെ 88 പഞ്ചായത്തുകളിലും ഫോഗിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായതായും ക്ളോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പൊതുനിരത്തുകളിലും റോഡരുകിലുമുള്ള വീഴാറായ ദ്രവിച്ച മരങ്ങള്‍ മുറിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കുടിവെള്ളത്തില്‍ മാലിന്യം കലരാതെ സൂക്ഷിക്കണമെന്നും ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മഴക്കാലങ്ങളില്‍ പതിവാകുന്ന വൈദ്യുതി തടസ്സം ഇല്ലാതാക്കണം. ഉപഭോക്താവിന് നഷ്ടമാകുന്ന വൈദ്യുതി മോണിറ്ററിങ് ചെയ്യണം. പൊതുനിരത്തിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ നിയന്ത്രിക്കുവാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും യോഗം വിലയിരുത്തി. എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, പി. ഉണ്ണി, കെ. കൃഷ്ണന്‍കുട്ടി, മുഹമ്മദ് മുഹ്സിന്‍, എ.ഡി.എം ഡോ. ജെ.ഒ. അരുണ്‍, ആര്‍.ഡി.ഒ ഡോ. എം.എസ്. റെജില്‍, ഫിനാന്‍സ് ഓഫിസര്‍ കെ. വിജയകുമാരന്‍ വിവിധ വകുപ്പ് തലവന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.