ഷൊര്‍ണൂര്‍: അഗ്നിശമന സേനയുടെ ഷൊര്‍ണൂര്‍ യൂനിറ്റിലേക്ക് ബന്ധപ്പെടേണ്ട ടെലിഫോണ്‍ തകരാറിലായിട്ട് മാസങ്ങള്‍. ഇവിടെയുള്ള ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ഫോണിലേക്ക് ബി.എസ്.എന്‍.എല്‍ ഫോണില്‍നിന്നൊഴികെ മറ്റൊരു നെറ്റ്വര്‍ക്കില്‍നിന്നും വിളിച്ചാല്‍ ലഭിക്കാത്തതാണ് പ്രശ്നമാകുന്നത്. 0466 2222501 എന്ന നമ്പറിലേക്ക് മറ്റേത് ഫോണില്‍നിന്ന് വിളിച്ചാലും ‘ഈ നമ്പറിലേക്ക് കോള്‍ കണക്ട് ചെയ്യാന്‍ സാധിക്കില്ളെന്നാണ് മറുപടി. 101 നമ്പറിലേക്ക് വിളിച്ചാലും ഈ ലാന്‍ഡ്ഫോണിലേക്ക് തന്നെയാണ് കോളുകള്‍ വരിക എന്നതിനാല്‍ ഒരേ മറുപടിയാണ് ലഭിക്കുന്നത്. ബി.എസ്.എന്‍.എല്ലിന്‍െറ ലാന്‍ഡ്ഫോണില്‍നിന്നോ മൊബൈല്‍ ഫോണില്‍നിന്നോ വിളിച്ചാല്‍ മാത്രമാണ് അഗ്നിശമനസേനാ നമ്പറില്‍ കിട്ടുന്നത്. അതുതന്നെ പലപ്പോഴും മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ലഭിക്കുന്നുമില്ല. അടിയന്തരഘട്ടങ്ങളില്‍ വിളിച്ച പലര്‍ക്കും ഫോണ്‍ ലഭിക്കാത്തതിനാല്‍ പാലക്കാട്ടെയും മറ്റും അഗ്നിശമന സേനാ യൂനിറ്റിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞമാസം പത്തിരിപ്പാലയിലടക്കം നാല് സ്ഥലങ്ങളിലേക്ക് മറ്റ് യൂനിറ്റുകളില്‍നിന്നാണ് വാഹനം പോയത്. ഫോണ്‍ അടിയന്തരമായി ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയതായി ഷൊര്‍ണൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ എസ്.ആര്‍. ദിലീപ് പറഞ്ഞു. പ്രശ്നം തങ്ങളുടേതല്ളെന്നും മറ്റ് ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനികളുടെതാണെന്നുമാണ് അധികൃതര്‍ പറയുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. അടിയന്തരഘട്ടങ്ങളില്‍ വിളിച്ചാല്‍ കിട്ടാത്ത സ്ഥിതി ഗുരുതരമായ അപകടം വരുത്തിവെക്കുമോയെന്ന ആശങ്കയിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.