നെല്ലിയാമ്പതിയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങി: പ്രതീക്ഷ പുതിയ സര്‍ക്കാറില്‍

നെല്ലിയാമ്പതി: മാറിമാറി വന്ന സര്‍ക്കാറുകള്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും ഒന്നും ലഭ്യമാകാതെ ദുരിതം അനുഭവിക്കുന്ന നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഇനി പ്രതീക്ഷ പുതിയ സര്‍ക്കാറില്‍. ആയിരത്തോളം തൊഴിലാളികള്‍ ഈ സര്‍ക്കാര്‍ എസ്റ്റേറ്റുകളിലായുണ്ട്. അര നൂറ്റാണ്ടുകാലമായി മറുനാട്ടില്‍ നിന്നത്തെി നെല്ലിയാമ്പതി തോട്ടം മേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയവരാണിവര്‍. സര്‍ക്കാര്‍ തോട്ടങ്ങള്‍ ഏറ്റെടുത്തതോടെ ജോലി പോയിട്ട് അര്‍ഹമായ ആനുകൂല്യം വരെ ലഭ്യമാകാത്ത സ്ഥിതിയാണ്. അര ഡസനോളം തോട്ടങ്ങളില്‍ ചിലതില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സമയം മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ പണിയെടുത്ത കാലത്തെ മുഴുവന്‍ ആനുകൂല്യങ്ങളും വകവെച്ച് നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ചികിത്സാ ആനുകൂല്യം, പി.എഫ്, ഗ്രാറ്റുവിറ്റി, താമസ സൗകര്യം ഇവയൊന്നും ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്നില്ല. മുമ്പുണ്ടായിരുന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. അധികാരമേറ്റ പുതിയ സര്‍ക്കാര്‍ തോട്ടം തൊഴിലാളുകളുടെ ആനുകൂല്യം സംബന്ധിച്ച കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് തോട്ടം മേഖല. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളില്‍ പലരും അവരവരുടെ നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നവര്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്. ആനുകൂല്യങ്ങള്‍ മുടങ്ങിയ തൊഴിലാളി കുടുംബങ്ങളുടെ എണ്ണം ചുവടെ: കരിമല എസ്റ്റേറ്റ്-70, മിന്നാമ്പാറ-40, വാഴക്കുണ്ട്-30, റോസറി, പുല്ലാല-200, ബിയാട്രീസ്-100, മീരാ ഫ്ളോര്‍-250, തൂത്തമ്പാറ-50.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.