കാലവര്‍ഷം കനിഞ്ഞില്ല; ഡാമുകളിലെ ജലനിരപ്പ് താഴ്ന്നനിലയില്‍

പാലക്കാട്: മഴ കുറവായതിനാല്‍ ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നനിലയില്‍. വേനലില്‍ കുടിവെള്ളത്തിനും ജലസേചനത്തിനും ഇത് പ്രയാസം സൃഷ്ടിക്കുമെന്ന് ആശങ്ക ശക്തമായി. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലയിലെ ഡാമുകളിലെ ജലവിതാനം നന്നേ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 226 ദശലക്ഷം ഘന മീറ്റര്‍ സംഭരണ ശേഷിയുള്ള മലമ്പുഴ ഡാമില്‍ 62.39 ദശലക്ഷം ഘനമീറ്റര്‍ വെള്ളമേയുള്ളൂ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 103.43 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്ന സ്ഥാനത്താണിത്. വൃഷ്ടി പ്രദേശത്ത് മഴ ഇല്ലാത്തതിനാല്‍ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറവാണ്. വേനലില്‍ ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നുവിട്ടതിനാല്‍ മലമ്പുഴ ഡാമില്‍ ജലവിതാനം വളരെ കുറവായിരുന്നു. പ്രതീക്ഷിച്ചപോലെ കാലവര്‍ഷം ലഭിക്കാതായതോടെ ഡാം നിറയാനുള്ള സാധ്യതയും മങ്ങി. 50.914 ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയുള്ള പോത്തുണ്ടി അണക്കെട്ടില്‍ 14.81 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 15.801 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ലഭിച്ചിരുന്നു. ഡാമിന്‍െറ വൃഷ്ടി പ്രദേശത്ത് മഴയില്‍ വന്‍ കുറവുണ്ട്. മീങ്കര ഡാമില്‍ ജലവിതാനം വളരെ താഴ്ന്നനിലയിലാണ്. 11.30 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ഈ ഡാമില്‍ 1.6 ദശലക്ഷം ഘന മീറ്റര്‍ വെള്ളം മാത്രമേയുള്ളൂ. കഴിഞ്ഞ വര്‍ഷം 8.155 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്നു. വാളയാര്‍ അണക്കെട്ടിലും വെള്ളം വളരെ കുറവാണ്. വൃഷ്ടി പ്രദേശത്ത് മഴ കാര്യമായി കിട്ടിയിട്ടില്ല. 3.775 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ് വാളയാറിലുള്ളത്. കഴിഞ്ഞ വര്‍ഷം 12.422 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഇവിടെ ഉണ്ടായിരുന്നു. ചുള്ളിയാര്‍ ഡാമില്‍ 1.217 ദശലക്ഷം ഘനമീറ്റര്‍ വെള്ളമേയുള്ളൂ. 2015 ജൂലൈയില്‍ 2.492 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്ന സ്ഥാനത്താണിത്. 70.82 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 41.43 ദശലക്ഷം ഘനമീറ്റര്‍ വെള്ളമേയുള്ളൂ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 56.5611 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ലഭിച്ചിരുന്നു. മംഗലം അണക്കെട്ട് മാത്രമാണ് ഇത്തവണ നിറഞ്ഞത്. മംഗലം അണക്കെട്ടിന്‍െറ ആകെ സംഭരണ ശേഷി 25.494 ദശലക്ഷം ഘനമീറ്ററാണ്. ഡാം നിറഞ്ഞതിനാല്‍ നിലവില്‍ അണക്കെട്ടിന്‍െറ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഡാമുകളില്‍നിന്നുള്ള പദ്ധതികളെ ആശ്രയിച്ചാണ് ജില്ലയില്‍ പാലക്കാട് നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം. ജലസേചനത്തിനും ഡാമില്‍നിന്നുള്ള ജലവിതരണമാണ് വേനലില്‍ പ്രധാന ആശ്രയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.