അഹാഡ്സിന്‍െറ കെട്ടിടങ്ങള്‍ സംരക്ഷിക്കണം –ചീഫ് സെക്രട്ടറി

പാലക്കാട്: അട്ടപ്പാടിയിലെ അഹാഡ്സിന്‍െറ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുമെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. അറ്റകുറ്റപ്പണി നടത്താന്‍ വേണ്ടി വരുന്ന എസ്റ്റിമേറ്റ് തുക എത്രവരുമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ‘അട്ടപ്പാടിയില്‍ നശിക്കുന്നത് കോടികളുടെ കെട്ടിടങ്ങള്‍’ തലക്കെട്ടില്‍ മാധ്യമം ശനിയാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അറ്റകുറ്റപ്പണി നടത്താന്‍ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരോട് നിര്‍ദേശം നല്‍കിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അട്ടപ്പാടി അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള കമ്യൂണിറ്റി റിസോഴ്സ് സ്പേര്‍സണ്‍മാരുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏകോപിപ്പിക്കും. ഇതിനായി മാസത്തില്‍ രണ്ടുദിവസം വീതം ഇവര്‍ക്ക് പരിശീലനം നല്‍കും. അട്ടപ്പാടിയിലെ ഭക്ഷ്യവിതരണ മേഖലയിലെ പോരായ്മ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കമ്യൂണിറ്റി കിച്ചണിന്‍െറ പ്രവര്‍ത്തനം ശക്തമാക്കും. ഡോക്ടര്‍മാരുടെ ഒഴിവ് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. ഡോക്ടര്‍മാരുടെ സേവനത്തിലെ പോരായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ബന്ധപ്പെട്ടവരെ ധരിപ്പിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വെളിപ്പെടുത്തി. ഡോക്ടര്‍മാര്‍ക്ക് ബയോമെട്രിക് അറ്റന്‍റന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. യോഗത്തില്‍ സാമൂഹിക നീതി വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, പട്ടികജാതി-വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, എ.ഡി.എം എസ്. വിജയന്‍, സബ് കലക്ടര്‍ പി.ബി. നൂഹ് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ തിരുമേനി, വിവിധ വകുപ്പ് തലവന്മാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.