അട്ടപ്പാടിയില്‍ മുന്നൂറിലധികം പേര്‍ക്ക് മാനസികാസ്വാസ്ഥ്യ ലക്ഷണങ്ങള്‍ –ചീഫ് സെക്രട്ടറി

പാലക്കാട്: അട്ടപ്പാടി മേഖലയില്‍ മുന്നൂറിലധികം പേരില്‍ മാനസികാസ്വാസ്ഥ്യ ലക്ഷണം പ്രകടമാകുന്നതായി ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്. ലഹരിക്കടിമപ്പെട്ടവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അട്ടപ്പാടിയിലെ സ്ഥിതി അവലോകനം ചെയ്ത യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ മുഴുവന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുക പ്രായോഗികമല്ല. അയല്‍ക്കൂട്ടങ്ങളുടെ സഹകരണത്തോടെ കണക്കെടുത്ത് ഇവര്‍ക്കാവശ്യമായ ചികിത്സ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി മേഖലയില്‍ എസ്.എസ്.എല്‍.സി പാസായവരുടെ തുടര്‍പഠനം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന് പരിഹാരം കാണാനായി പുതിയ ബാച്ച് അനുവദിച്ചതായും ചീഫ് സെക്രട്ടറി പറഞ്ഞു. അട്ടപ്പാടിയില്‍ രണ്ടായിരത്തി അഞ്ഞൂറോളം ശൗചാലയങ്ങള്‍ പുതുതായി നിര്‍മിക്കും. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതിനെതിരെ അവബോധം സൃഷ്ടിക്കാന്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപടിയെടുക്കും. അട്ടപ്പാടിയില്‍ ഡോക്ടര്‍മാരുടെ സംഘം എത്തുന്നില്ളെന്ന പരാതി പരിഹരിക്കാന്‍ നടപടി കൈക്കൊള്ളും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാകും പദ്ധതികള്‍ നടപ്പാക്കുക. ഇതിനായി 600 ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.