അട്ടപ്പാടി: പ്ളസ്വണ്‍ സീറ്റുകളുടെ കുറവുമൂലം അട്ടപ്പാടിയിലെ പത്താം ക്ളാസ് വിജയിച്ച നൂറോളം ആദിവാസി കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധിയിലായി. പ്ളസ്വണ്ണിന് ഏകജാലകം വഴി അപേക്ഷിച്ചവരാണ് പ്രവേശം കിട്ടാതെ പ്രയാസത്തിലായത്. നാല് അലോട്ടുമെന്‍റുകള്‍ കഴിഞ്ഞിട്ടും അട്ടപ്പാടിയിലെ വിവിധ ഊരുകളിലെ നൂറോളം ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് കിട്ടിയിട്ടില്ല. പലരും പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയിലാണിപ്പോള്‍. അട്ടപ്പാടിയില്‍നിന്ന് ജയിച്ച 815 കുട്ടികള്‍ക്ക് ഉപരിപഠനത്തിന് മൂന്ന് സര്‍ക്കാര്‍ സ്കൂളുകളും രണ്ട് എയ്ഡഡ് സ്കൂളുകളുമുണ്ട്. അഞ്ച് സ്കൂളുകളിലായി 600 സീറ്റാണുള്ളത്. അട്ടപ്പാടിയിലെ സ്കൂളുകളില്‍ പഠിച്ച ആദിവാസി കുട്ടികള്‍ എല്ലാവരും നല്ല മാര്‍ക്കോടെയാണ് ഉപരിപഠനത്തിന് അര്‍ഹരായത്. സീറ്റിന്‍െറ കുറവാണ് തുടര്‍പഠനത്തിന് തടസ്സമാവുന്നത്. കുട്ടികളില്‍ പലരും ഉപരിപഠനത്തിന് അട്ടപ്പാടിക്കു പുറത്തുള്ള സ്കൂളുകളെയാണ് ആശ്രയിക്കുന്നത്. ചിലര്‍ തമിഴ്നാട്ടിലും പഠിക്കാന്‍ പോകുന്നു. കഴിഞ്ഞ വര്‍ഷവും അട്ടപ്പാടിയില്‍ പ്ളസ്വണ്‍ സീറ്റിന്‍െറ കുറവ് അനുഭവപ്പെട്ടിരുന്നെങ്കിലും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടായില്ല. അട്ടപ്പാടിയില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ കൂടുതല്‍ ബാച്ചും സീറ്റും അനുവദിക്കുകയാണ് ഏക പരിഹാരം. അട്ടപ്പാടിയിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനം പാതിവഴിയില്‍ മുടങ്ങാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്ന് ‘തമ്പ്’ ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.