മഴവെള്ളം സംഭരിച്ച് വിവിധ പദ്ധതികളൊരുക്കി എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂള്‍: കണ്ടുപഠിക്കാം ഈ ‘മഴക്കൊയ്ത്ത്’

അലനല്ലൂര്‍: മഴവെള്ളം പാഴാക്കാതെ വിദ്യാര്‍ഥികള്‍ക്ക് പഠനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനായി എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂളില്‍ ആവിഷ്കരിച്ച മഴക്കൊയ്ത്ത് പദ്ധതി വേറിട്ട കാഴ്ചയാകുന്നു. വിദ്യാലയത്തിന്‍െറ വിശാലമായ മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം മുഴുവനായും പ്രത്യേകം തയാറാക്കിയ ചെലവ്കുറഞ്ഞ സംഭരണിയില്‍ എത്തിച്ചാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്. പ്രീപ്രൈമറി മുതല്‍ ഏഴാംക്ളാസ് വരെ 950ലേറെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. 150 കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ആരംഭിച്ചു. 40 അടി നീളവും 20 അടി വീതിയും ഒന്നര മീറ്റര്‍ താഴ്ചയുമുള്ള നീന്തല്‍ കുളത്തില്‍ ഏകദേശം ലക്ഷം ലിറ്റര്‍ വെള്ളം ഇതിനകം സംഭരിച്ചു. സ്കൂള്‍ മൈതാനത്തോട് ചേര്‍ന്ന് പ്രത്യേകം കുഴിയെടുത്ത് അതില്‍ സീല്‍പോളിന്‍ ഷീറ്റ് വിരിച്ചാണ് നീന്തല്‍കുളം സജ്ജീകരിച്ചത്. അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് നീന്തല്‍ പരിശീലനത്തില്‍ കുട്ടികളെ സഹായിക്കുന്നത്. നീന്തല്‍ പരിശീലനത്തിനുശേഷം കുളത്തില്‍ മത്സ്യം വളര്‍ത്താനാണ് തീരുമാനം. താമര, ആമ്പല്‍, വിവിധതരം പായലുകള്‍ എന്നിവ വളര്‍ത്തി പരിസ്ഥിതി ശാസ്ത്ര പഠനത്തിനുള്ള ഇക്കോ-സിസ്റ്റം തയാറാക്കാനും പദ്ധതിയുണ്ടെന്ന് കണ്‍വീനര്‍ ടി.കെ. മുഹമ്മദ് അറിയിച്ചു. ജലവൈദ്യുത പദ്ധതിയുടെ മാതൃകയും പ്രവര്‍ത്തനവും പരിചയപ്പെടുത്താനും കുളത്തിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇതിനായി ടര്‍ബൈനും അനുബന്ധ സംവിധാനങ്ങളും പി.ടി.എ പ്രസിഡന്‍റ് എം.കെ. യാക്കൂബിന്‍െറ നേതൃത്വത്തില്‍ തയാറാക്കി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി നിര്‍മിച്ചു. സംഭരിക്കുന്ന മഴവെള്ളമുപയോഗിച്ച് ജൈവപച്ചക്കറി കൃഷിയും സ്കൂളില്‍ തുടങ്ങിയിട്ടുണ്ട്. മഴക്കൊയ്ത്ത് പദ്ധതിയുടെയും നീന്തല്‍ പരിശീലനത്തിന്‍െറയും ഒൗപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റസ്ക്യൂ എസ്.ഐ നിര്‍വഹിക്കും. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളുടെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തലും പ്രദര്‍ശനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.