കാത്തിരിപ്പിന് വിരാമം; കണ്ണംകുണ്ട് പാലത്തിന് ‘വരവേല്‍പ്പ്’

അലനല്ലൂര്‍: കണ്ണംകുണ്ട് നിവാസികളുടെയും എടത്തനാട്ടുകരക്കാരുടെയും ഏറെ നാളത്തെ സ്വപ്നമായ കണ്ണംകുണ്ട് പാലത്തിന് വീണ്ടും ജീവന്‍ വെക്കുന്നു. അലനല്ലൂര്‍ ടൗണില്‍ നിന്ന് എടത്തനാട്ടുകരയിലേക്കുള്ള എളുപ്പ മാര്‍ഗമായ കണ്ണംകുണ്ട് റൂട്ടില്‍ നിലവിലുള്ള കോസ് വേ പാലമായി ഉയര്‍ത്തുന്നതിന് 10 കോടി രൂപ അനുവദിച്ച വാര്‍ത്ത എറെ സന്തോഷത്തോടെയാണ് നാട്ടുകാര്‍ വരവേറ്റത്. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ അപേക്ഷ പ്രകാരം ബജറ്റിന്‍െറ മറുപടി പ്രസംഗത്തിലാണ് കണ്ണംകുണ്ട് പാലത്തിനായി പ്രത്യേക പരിഗണന കഴിഞ്ഞ ദിവസം നല്‍കിയത്. ബജറ്റ് അവതരണ സമയത്ത് കണ്ണംകുണ്ട് പാലത്തിന് ഫണ്ട് വകയിരുത്തിയിരുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കണ്ണംകുണ്ട് പാലം നിര്‍മാണത്തിനായി അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും പാലം നിര്‍മിക്കാനാവശ്യമായ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് പദ്ധതി നീണ്ടുപോവുകയായിരുന്നു. അന്ന് പ്രഖ്യാപിച്ചതില്‍ റോഡ് നിര്‍മാണം മാത്രമാണ് നടന്നത്. 1992ല്‍ എം.ടി. പത്മ മന്ത്രിയായിരിക്കെ നിര്‍മിച്ച കണ്ണംകുണ്ട് കോസ് വേ കാലവര്‍ഷമാവുന്നതോടെ ഉയരക്കുറവ് മൂലം വെള്ളത്തിനടിയിലാവുന്നത് പതിവാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലക്കും. മുന്‍വര്‍ഷങ്ങളില്‍ രണ്ടുദിവസത്തോളം ഈ കോസ്വേ വെള്ളത്തിനടിയിലായിരുന്നു. കോസ് വേ വെള്ളത്തില്‍ മുങ്ങുന്നതോടെ അക്കരെ ചുണ്ടോട്ട്കുന്നിലുള്ളവര്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ അലനല്ലൂരുമായി ബന്ധപ്പെടണമെങ്കില്‍ 15 കിലോമീറ്ററോളം ചുറ്റേണ്ടിവരും. മലയോര കുടിയേറ്റ കാര്‍ഷിക മേഖലയായ ഉപ്പുകുളം, ചളവ, പിലാചോല, മുണ്ടക്കുന്ന് കോട്ടപ്പള്ള തുടങ്ങിയ ഭാഗങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫിസ്, വൈദ്യുതി, കൃഷിഭവന്‍, ആശുപത്രി എന്നിവയുമായി ബന്ധപ്പെടാന്‍ അലനല്ലൂരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള ഏക മാര്‍ഗമാണ് കണ്ണംകുണ്ട് റോഡ്. ഈ റൂട്ടില്‍ പാലം നിര്‍മിക്കുകയെന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. അലനല്ലൂര്‍ -കണ്ണംകുണ്ട്-കൊടിയംകുന്ന് റോഡ് നവീകരണം പൂര്‍ത്തിയായതോടെ ഗതാഗതം ഏറെ സുഖകരമാണെങ്കിലും പാലം ഇല്ലാത്തത് എറെ പ്രയാസം സൃഷ്ടിച്ചിരുന്നു. പാലവും യാഥാര്‍ഥ്യമാവുന്നതോടെ എടത്തനാട്ടുകരയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്നതില്‍ സംശയമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.