സമൃദ്ധി മാഞ്ഞ് നെല്ലറ

ഷൊര്‍ണൂര്‍: ‘മുപ്പൂവലും’ പുഞ്ചയും കൃഷി ചെയ്തിരുന്ന നെല്‍പാടങ്ങളില്‍ അറുപത് ശതമാനവും തരിശു ഭൂമിയായി മാറി. ഷൊര്‍ണൂര്‍ കൃഷിഭവന്‍െറ കീഴിലുള്ള നഗരസഭാ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും നെല്‍പാടങ്ങളാണ് പൂര്‍ണമായും തരിശിടുന്ന ദുരവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. നഗരസഭാ പ്രദേശത്ത് ചുഡുവാലത്തൂര്‍, കാരക്കാട്, മുണ്ടായ, പരുത്തിപ്ര, കല്ലിപ്പാടം, ആറാണി, കുളപ്പുള്ളി, കണയം എന്നിവിടങ്ങളിലെല്ലാം മിക്ക പാടങ്ങളും നെല്‍കൃഷിയിറക്കാതെ പുല്ലും പൊന്തക്കാടും നിറഞ്ഞ് കാടുമൂടിയ നിലയിലാണ്. മുപ്പൂവല്‍ കൃഷിയും പുഞ്ചയും ചെയ്തിരുന്ന പാടങ്ങള്‍വരെ ഇതിലുണ്ട്. ശരാശരി രണ്ട് പൂവല്‍കൃഷി നടത്തിയിരുന്ന പാടങ്ങളാണ് ഏറെയും. കൃഷിപ്പണിക്ക് ആളെ ലഭിക്കാത്തതും തയാറായത്തെുന്ന പണിക്കാര്‍ക്കുള്ള അമിത കൂലിയും വരുമാനക്കുറവുമാണ് കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്ന് പിന്‍വലിയാന്‍ കാരണം. കൃഷിയിറക്കാനുള്ള സാഹചര്യം ബന്ധപ്പെട്ട കൃഷി വകുപ്പധികൃതരോ നഗരസഭാധികൃതരോ ചെയ്ത് കൊടുക്കാത്തത് പ്രശ്നം രൂക്ഷമാക്കി. തോടുകളുടെ വരമ്പുകള്‍ പൊട്ടി കൃഷിയിടങ്ങളിലൂടെ ജലം പരന്നൊഴുകാന്‍ തുടങ്ങിയതും പലയിടത്തും പ്രശ്നമായി. പൊട്ടിയ വരമ്പ് കെട്ടി കൃഷിയിറക്കാന്‍ സൗകര്യമൊരുക്കണമെന്ന് പാടശേഖര സമിതികള്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കാലാവസ്ഥാ മാറ്റവും കര്‍ഷകരെ വലക്കുന്നുണ്ട്. മതിയായ സംരക്ഷണമില്ലാത്തതിനാല്‍ പരമ്പരാഗത ജലസ്രോതസ്സുകളായ തോടും കുളങ്ങളും നശിച്ചുകൊണ്ടിരിക്കുന്നതും വെല്ലുവിളിയാണ്. പ്രശ്നങ്ങള്‍ പരിഹരിച്ച് അടിയന്തര നടപടികളുണ്ടായില്ളെങ്കില്‍ മേഖലയില്‍ നെല്‍കൃഷി അന്യം നിന്നു പോകുമെന്നാണ് ജനങ്ങളുടെ ആശങ്ക. ഒറ്റപ്പാലം: നൂറുമേനി വിളഞ്ഞിരുന്ന മേഖലയിലെ നെല്‍പ്പാടങ്ങള്‍ ഒന്നാം വിളയിറക്കാനാകാതെ മേച്ചില്‍പ്പുറങ്ങളാകുന്നു. 14 പാടശേഖരങ്ങളുള്ള നഗരസഭാ പരിധിക്കുള്ളില്‍ ഒന്നാംവിള ഉപേക്ഷിച്ച പടങ്ങളാണേറെയും കാര്‍ഷിക മേഖലയുടെ തളര്‍ച്ച ഇക്കുറി നെല്ലുല്‍പാദനത്തിന്‍െറ തോതില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഞാറ്റുവേലകള്‍ ഒന്നൊന്നായി പടിയിറങ്ങിയിട്ടും കൃഷിക്കാവശ്യമായ വെള്ളമില്ലാത്തതാണ് കര്‍ഷകരെ കുഴക്കിയത്. രോഹിണി ഞാറ്റുവേലയില്‍ ആരംഭിച്ച കാലവര്‍ഷം മകയിരം, തിരുവാതിര എന്നിങ്ങനെ കടന്നുപോയതല്ലാതെ കാര്‍ഷിക മേഖലയെ തുണച്ചില്ല. പുണര്‍തം, പൂയം ഞാറ്റുവേലളെ ആശ്രയിച്ചുള്ള രണ്ടാം വിളയും അനിശ്ചിതത്വത്തിലാണ്. മിനി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കാത്തപക്ഷം ആസന്ന ഭാവിയില്‍ മേഖലയിലെ കൃഷിഭൂമി പൂര്‍ണമായും തരിശുനിലങ്ങളായി മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.