പട്ടാമ്പി–പെരിന്തല്‍മണ്ണ റൂട്ടില്‍ ബസുകളുടെ അമിത വേഗം നിയന്ത്രിക്കും

പട്ടാമ്പി: പട്ടാമ്പി-പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ്. സുരേഷ് വിളിച്ച യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം കരിങ്ങനാട് നടന്ന ബസപകടത്തിന്‍െറയും തുടര്‍ന്നുള്ള സ്വകാര്യ ബസ് സമരത്തിന്‍െറയും പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ബസ് ഓണേഴ്സ് അസോസിയേഷന്‍െറയും ബസ് തൊഴിലാളി യൂനിയനുകളുടെയും സംയുക്ത യോഗം ചേര്‍ന്നത്. മുസ്ലിം ലീഗ് പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡന്‍റ് വി.പി. അബൂബക്കര്‍ വ്യാഴാഴ്ച കരിങ്ങനാട് സ്വകാര്യ ബസിടിച്ച് മരിച്ചിരുന്നു. രോഷാകുലരായ ജനങ്ങള്‍ ബസിന്‍െറ ഗ്ളാസുകള്‍ അടിച്ചുതകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ബസുടമകളും തൊഴിലാളികളും വെള്ളിയാഴ്ച പണി മുടക്കി. അപകടത്തെ നിസ്സാരവത്കരിച്ചുള്ള ബസ് സമരത്തിനെതിരെ വിളയൂരില്‍ സര്‍വകക്ഷി യോഗം ചേരുകയും ശനിയാഴ്ച ബസുകള്‍ തടയാന്‍ തീരുമാനിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ കരിങ്ങനാട് ബസുകള്‍ തടഞ്ഞതോടെ റൂട്ടില്‍ വീണ്ടും സ്വകാര്യ ബസ് സര്‍വിസ് നിലച്ചു. ഇതിനത്തെുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. ബസുകള്‍ക്ക് പുലാമന്തോള്‍ ടോള്‍ ബൂത്തില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുക, ബസുകളുടെ സമയ ക്രമം പുനഃപരിശോധിക്കുക, ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിച്ച് തൊഴിലിലേര്‍പ്പെടുന്നത് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കുക, അപകടം വരുത്തിയ ബസ് അടിച്ച് തകര്‍ത്തതിന് നാട്ടുകാര്‍ക്കെതിരെയുള്ള കേസ് ഒഴിവാക്കുക, ഗ്രാമപഞ്ചായത്തുകള്‍, പൊതുമരാമത്ത് വകുപ്പ്, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ സിഗ്നല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് യോഗ തീരുമാനങ്ങള്‍. വ്യാഴാഴ്ച അപകടത്തിന് കാരണമായ ‘സന’ ബസ് ഇനി അപകടം വരുത്തിയാല്‍ പെര്‍മിറ്റ് പൂര്‍ണമായി റദ്ദാക്കണമെന്ന് കലക്ടറോട് ശിപാര്‍ശ ചെയ്യുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബസുടമക്ക് മുന്നറിയിപ്പ് നല്‍കി. മത്സരയോട്ടം അവസാനിപ്പിക്കുന്നതിന് സമയം പുനഃക്രമീകരിക്കാന്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ 13ന് പാലക്കാട് യോഗം ചേരും. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോള്‍, പട്ടാമ്പി നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ സി.എ. റാസി, വിളയൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹുസൈന്‍ കണ്ടേങ്കാവ്, നീലടി സുധാകരന്‍, പട്ടാമ്പി സബ് ഇന്‍സ്പെക്ടര്‍ ലൈസാദ് മുഹമ്മദ്, സി.പി.എം വിളയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി യുവജന നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.