പട്ടാമ്പി: സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ നിസ്സംഗത തുടരുന്നതു മൂലം പട്ടാമ്പി-പുലാമന്തോള്‍ പാതയില്‍ മനുഷ്യക്കുരുതി തുടരുന്നു. വ്യാഴാഴ്ച കരിങ്ങനാട് സ്വദേശി റോഡരികില്‍ ബസിടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം. കാലമേറെയായി ഗതിപിടിക്കാതെ കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു പട്ടാമ്പി-പുലാമന്തോള്‍ റോഡ്. പത്തു കോടിയോളം രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച റബ്ബറൈസിങ് ഈ പാതയില്‍ സുഖയാത്രയൊരുക്കി. എന്നാല്‍ ഇതോടെ നാട്ടുകാരുടെ സമാധാനവും സുരക്ഷയും നഷ്ടപ്പെട്ടു. കരാറില്‍ പറഞ്ഞ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി കേവലം മുഖം മിനുക്കലില്‍ പണിയൊതുങ്ങി. മിനുസമേറിയ റോഡില്‍ വാഹനങ്ങളുടെ വേഗത കൂടി. പുതുവര്‍ഷത്തിലെ ആദ്യമാസം അവസാനിച്ചത് കരിങ്ങനാട് കുണ്ടില്‍ എഴുപത്തിരണ്ടുകാരനായ പടിഞ്ഞാക്കര ഹംസയുടെ അപകടമരണത്തോടെയാണ്. വീട്ടില്‍ നിന്ന് ബൈക്കില്‍ മെയിന്‍ റോഡിലേക്ക് കടന്നയുടനെ ഹംസയെ ബസിടിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിന് തൃത്താല കൊപ്പത്ത് ബസും കാറും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് പരിക്കേറ്റു. അതേമാസം 19 ന് രാത്രി കൊപ്പത്തിനും തൃത്താല കൊപ്പത്തിനുമിടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഏപ്രില്‍ 25 ന് കൊപ്പം നക്ഷത്രക്കടുത്ത് കാറും ബൈക്കുകളും കൂട്ടിയിടിച്ച് നാലു പേര്‍ക്കാണ് പരിക്കേറ്റത്. 26ന് കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കാറുകളും ഒരു ഓട്ടോയുമായി കൂട്ടിയിടിച്ചു. സംഭവത്തില്‍ ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കരിങ്ങനാട് സലഫിയ്യ അറബിക് കോളജിന് മുന്നില്‍ നേരത്തെയും അപകട മരണമുണ്ടായിട്ടുണ്ട്. കരിങ്ങനാട് സെന്‍ററില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിന്നതും സമീപ കാലത്താണ്. ആമയൂരിലും പുതിയ റോഡിലും സര്‍ക്കാര്‍ ബസ് അപകടം വരുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ അമിത വേഗത്തിലോടുന്ന ലോറികളുണ്ടാക്കുന്ന അപകടങ്ങളും പതിവാണ്. റോഡ് നവീകരിക്കുന്നതോടൊപ്പം സുരക്ഷയൊരുക്കാനുള്ള നടപടികള്‍ അധികാരികളില്‍ നിന്നുണ്ടാവുന്നില്ല. അപകട സൂചന നല്‍കുന്ന ബോര്‍ഡോ, കാമറകള്‍ സ്ഥാപിക്കാന്‍ ഇതുവരെ നടപടിയായില്ല. ആമയൂരില്‍ രണ്ട് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. വാഹന പരിശോധനയും കാര്യക്ഷമമല്ല. നിരന്തരമുണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്ന് പട്ടാമ്പി നഗരസഭയിലും കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലും ട്രാഫിക് കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും സ്ഥിരം അപകടമേഖലകള്‍ നിര്‍ണയിച്ച് പൊലീസുകാരെ ഡ്യൂട്ടിക്ക് നിര്‍ത്താനും പദ്ധതിയിട്ടിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലാണ് അപകടസാധ്യത കൂടുതല്‍ എന്നതിനാല്‍ ഈ സമയത്തായിരിക്കും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുക എന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ഓരോ അപകടങ്ങളുടെയും ആഘാതം വിട്ടൊഴിയുന്നതോടെ നടപടികള്‍ സംതംഭിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.