കുമരനെല്ലൂരില്‍ കനറാബാങ്ക് ഫാര്‍മേഴ്സ് ക്ളബ് ഉദ്ഘാടനം ഒഴിവാക്കി

ആനക്കര: കനറാബാങ്കുകളുടെ ഫാര്‍മേഴ്സ് ക്ളബ് രൂപവത്കരണത്തില്‍ യഥാര്‍ഥ കര്‍ഷകര്‍ പടിക്ക് പുറത്തെന്ന് പരാതി. കുമരനെല്ലൂര്‍ ശാഖയുടെ നേതൃത്വത്തിലുള്ള സമൃദ്ധി ഫാര്‍മേഴ്സ് ക്ളബിന്‍െറ ഉദ്ഘാടനം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. തൃത്താല മേഖലയിലെ കനറാബാങ്കുകളുടെ ക്ളബുകളില്‍ സ്ഥിരമായി ഒരേ അംഗങ്ങള്‍ തന്നെ തുടരുകയാണെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ക്ളബുകളുടെ രൂപവത്കരണം യഥാര്‍ഥ കര്‍ഷകര്‍ അറിഞ്ഞില്ളെന്നും ആക്ഷേപമുയര്‍ന്നു. വെറും ചടങ്ങായി നടത്തി ക്ളബ് പ്രവര്‍ത്തനം വാര്‍ത്തകളില്‍ ഒതുക്കുകയാണ് ബാങ്കുകളുടെ പതിവു പല്ലവിയെന്ന പരാതി നിലനില്‍ക്കവെയാണ് കുമരനെല്ലൂരില്‍ കര്‍ഷകരെ അറിയിച്ചില്ലന്ന പേരില്‍ ഉദ്ഘാടനം മുടങ്ങിയത്. കപ്പൂര്‍ പഞ്ചായത്തിലെ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് രൂപവത്കരിച്ച ഫാര്‍മേഴ്സ് ക്ളബിന്‍െറ ഉദ്ഘാടനമാണ് തടസ്സപ്പെട്ടത്. ഒരു വിഭാഗം കര്‍ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനം വേണ്ടെന്നു വെക്കുകയായിരുന്നു. പരിപാടിയുടെ ഭാഗമായി കൃഷിഭവന്‍ ഹാളില്‍ രാവിലെ പത്തിന് കര്‍ഷകര്‍ക്ക് വായ്പാ വിതരണവും നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കപ്പൂര്‍ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പദ്ധതി മിക്ക പഞ്ചായത്തംഗങ്ങളും അറിഞ്ഞില്ളെന്നതും കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചില്ളെന്നതും പ്രതിഷേധത്തിന് കാരണമായി. കനറാബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.കെ. മായ, ഡിവിഷനല്‍ മാനേജര്‍ പി. ഗോപാലകൃഷ്ണന്‍, ലീഡ് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് അടക്കമുള്ളവരും ക്ളബ് അംഗങ്ങളും ചടങ്ങിനത്തെിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 11 മണിയോടെ ഉദ്ഘാടന ചടങ്ങ് റദ്ദാക്കിയതായി ശാഖാ മാനേജര്‍ പോള്‍ ഇഗ്നേഷ്യസ് അറിയിച്ചു. പരിപാടിക്കത്തെിയവരോടും ജനപ്രതിനിധികളോടും അദ്ദേഹം ക്ഷമാപണവും നടത്തി. എന്നാല്‍, പരിപാടി നിര്‍ത്തിവെച്ചതിനെ ഒരു വിഭാഗം എതിര്‍ത്തു. കുമരനെല്ലൂര്‍ കനറാ ബാങ്ക് ജീവനക്കാരും കപ്പൂര്‍ കൃഷിഭവനും യഥാര്‍ഥ കര്‍ഷകരോടും പൊതുജനങ്ങളോടും കാണിക്കുന്ന അകല്‍ച്ചയാണ് പരിപാടി മുടങ്ങാന്‍ കാരണമെന്ന് പറയപ്പെടുന്നു. ചെറുകിട കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും ഇത്തരത്തില്‍ ലഭ്യമാകാതെ പോകുന്നതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.